ആദ്യ മത്സരത്തിൽ തോൽക്കാതിരിക്കാനാണ് ശ്രമിച്ചതെന്ന് ഇയാൻ ഹ്യൂം

സീസണിലെ ആദ്യ മത്സരമായതിനാൽ ഇരു ടീമുകളും തോൽക്കാതിരിക്കാനാണ് ശ്രമിച്ചതെന്ന് ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം. നന്നായി കളിച്ചെങ്കിലും ഗോളടിക്കാൻ സാധിച്ചില്ലെന്നായിരുന്നു റിനോ ആന്റോയുടെ പ്രതികരണം. 

 ഐഎസ്എൽ നാലാം സീസൺന്റെ ഉദ്ഘാടന മത്സരത്തിൽ നിറഞ്ഞു നിന്നത് പോരാട്ട വീര്യത്തിലുമേറെ പിഴവില്ലാത്ത നീക്കങ്ങളായിരുന്നു. പലപ്പോഴും മത്സരം ഏറെ വിരസവുമായി. ആദ്യ മത്സരത്തിൽ തോൽക്കാതിരിക്കാൻ ഇരു ടീമുകളും ശ്രമിച്ചതുകൊണ്ടാണ് മത്സരം സമനിലയിലായതെന്ന് ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം പറഞ്ഞു. കൂടുതൽ അവസരങ്ങൾ ലഭിച്ചത് കൊൽക്കത്തയ്ക്കാണ്. കഴിഞ്ഞ വർഷത്തെ ചാംപ്യൻമാർക്കെതിരായാണ് കളിച്ചതെങ്കിലും ബ്ലാസ്റ്റേഴ്സ് പിഴവ് വരുത്തിയില്ല. 

സമനിലയായെങ്കിലും ആദ്യ മത്സരം നന്നായി കളിച്ചെന്ന് ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം റിനോ ആന്റോ പറഞ്ഞു. ഗോളാരാവമുയർന്നില്ലെങ്കിലും മത്സരം തോറ്റില്ലെന്ന ആശ്വാസത്തിലാണ് ആരാധകരും മടങ്ങിയത്.