രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സർവേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൊല്ലം അഞ്ചലില്‍‌ രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സർവേ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. പുനലൂർ താലൂക്ക് സർവേ ഓഫീസിലെ സർവേയറായ വിആര്‍ മനോജ് ലാലാണ് പിടിയിലായത്. 

കരവാളൂർ സ്വദേശിയായ ജോൺസന്റെ പരാതിപ്രകാരമായിരുന്നു വിജിലന്‍സ് സംഘത്തിന്റെ തന്ത്രപരമായ നീക്കം. അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷനില്‍ വച്ചാണ് പുനലൂർ താലൂക്ക് സർവേ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സർവേയറായ വിആര്‍ മനോജ് ലാല്‍ പിടിയിലായത്. 

ജോണ്‍സന്റെ ബന്ധുവിന്റെ പേരിലുളള ഭൂമി അളന്നു തിരിക്കുന്നതുമായി ബന്ധപ്പെട്ട് പുനലൂര്‍ താലൂക്ക് സർവേ ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. ഇത് ശരിയാക്കുന്നതിന് മനോജ്‌ലാൽ ജോൺസനോണ് അയ്യായിരം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം വസ്തു അളക്കാൻ വന്ന ഉദ്യോഗസ്ഥന് ആയിരം രൂപ ജോൺസൺ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഫയൽ ശരിയാക്കാൻ അയ്യായിരം രൂപ വേണമെന്ന് മനോജ് ലാല്‍ നിരന്തരം ആവശ്യപ്പെട്ടു. ഇൗ വിവരം ജോണ്‍സന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം കൈമാറിയ രണ്ടായിരം രൂപ ജോണ്‍സന്‍ മനോജ് ലാലിന് കൈമാറുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

A survey officer was arrested while accepting a bribe