മകന്‍ കാമുകിക്കൊപ്പം ഒളിച്ചോടി; അമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

മകന്‍ കാമുകിയോടൊപ്പം ഒളിച്ചോടി പോയതിന് അമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പരാതി. അമ്പതുകാരിയായ ഹനുമവ്വ കോം എന്ന സ്ത്രീക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

മകന്‍റെ കാമുകിയുടെ കുടുംബാംഗങ്ങളാണ് മര്‍ദ്ദനത്തിന് പിന്നില്‍. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഈ ബന്ധത്തില്‍ താല്‍പര്യമില്ലായിരുന്നു. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം.

രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് മര്‍ദ്ദനത്തിനിരയായ സ്ത്രീയുടെ മകന്‍ മഞ്ജുനാഥ് പൂജയെന്ന പെണ്‍കുട്ടിയുമായി ഒളിച്ചോടിയതെന്ന് പൊലീസ് പറയുന്നു. സംഭവം അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ കുടുംബം ഹനുമവ്വയുടെ താമസസ്ഥലത്തെത്തി വലിച്ചിഴക്കുകയും ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. 

ചുറ്റുംകൂടിയവര്‍ പരാതിപ്പെട്ടതിനാല്‍ പൊലീസെത്തി സ്ത്രീയെ രക്ഷിച്ചു. സംഭവത്തില്‍ ഹനുമവ്വ പരാതി നല്‍കിയിട്ടുണ്ട്. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു