ഭാര്യയെ ശല്യപ്പെടുത്തിയെന്ന് പരാതി; യുവാവിനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്നു

മധ്യപ്രദേശിലെ ദാമോയിൽ ദലിത് യുവാവിനെയും മാതാപിതാക്കളെയും അയൽവാസികൾ വെടിവച്ചുകൊന്നു. അയൽവാസികളിലൊരാളുടെ ഭാര്യയെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് മുപ്പതുകാരനായ മനക് അഹിർവാറിനെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത്. മനക്കിന്റെ സഹോദരനും വെടിയേറ്റിരുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ നടന്ന സംഭവത്തിൽ അയൽവാസിയായ ജഗദീഷ് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ മറ്റ് അഞ്ചു പേർക്കായി തിരച്ചിൽ തുടരുകയാണ്.

ജഗദീഷ് പട്ടേലിന്റെ ഭാര്യയെ മനക് അഹിർവാർ പുറകെനടന്നു ശല്യപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് തിങ്കളാഴ്ച വൈകിട്ട് ഇരുകുടുംബങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടായത്. ചില ഗ്രാമീണർ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു.

എന്നാൽ പിറ്റേദിവസം രാവിലെ ജഗദീഷ് ബന്ധുക്കളായ മറ്റ് അഞ്ച് പേരെയും കൂട്ടി മനക്കിന്റെ വീട്ടിലെത്തി വീണ്ടും ബഹളമുണ്ടാക്കി. ഇതിനിടെ കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് മനക്കിനെയും മാതാപിതാക്കളെയും ഇളയസഹോദരനെയും വെടിവയ്ക്കുകയായിരുന്നു. മനക്കും മാതാപിതാക്കളും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. കൊലപാതകം, കൊലപാതകശ്രമം, പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ അതിക്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നു പൊലീസ് അറിയിച്ചു.