മോഷണത്തിൽ നിന്നും വിരമിക്കുന്നു; പൊലീസിനോട് പറയാൻ എത്തി; പിടിച്ച് അകത്തിട്ടു

മോഷണത്തിൽ നിന്നു വിരമിക്കൽ പ്രഖ്യാപിക്കാൻ ഡിവൈഎസ്പിയുടെ മുന്നിലെത്തിയ പ്രതി, ഒടുവിൽ നടത്തിയ 2 മോഷണങ്ങളുടെ പേരിൽ അകത്തായി. റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട്ട് ബിനു തോമസിനെയാണ് (31) ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെറുപ്പത്തിൽ തന്നെ മോഷണം തുടങ്ങിയ ബിനു കഴിഞ്ഞ ദിവസം ‘ജോലി’യിൽ നിന്നു വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു. മുൻപു തന്നെ പലവട്ടം അറസ്റ്റ് ചെയ്തിട്ടുള്ള ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ.ആർ.ജോസിനു മുന്നിലെത്തി തീരുമാനം അറിയിച്ചു. 

ബിനുവിനു ഡിവൈഎസ്പി കൗൺസലിങ് നൽകി. ഇതിനിടെയാണ് അവസാനം നടത്തിയ ബൈക്ക് മോഷണ വിവരം ബിനു തുറന്നു പറഞ്ഞത്. ടൗണിനു സമീപം ഒളിപ്പിച്ചിരുന്ന ബൈക്ക് പൊലീസിനു കാട്ടിക്കൊടുക്കുകയും ചെയ്തു.ഈ മാസം 27ന് അങ്ങാടിക്കൽ ചെറുകര മോടിയിൽ പ്രശാന്തിന്റെ ബൈക്ക് മോഷ്ടിച്ചത് ബിനുവാണെന്നു പൊലീസ് പറഞ്ഞു.ചോദ്യം ചെയ്തതിനെ തുടർന്നു പത്തനംതിട്ട വാര്യാപുരത്തു നിന്നു മോഷ്ടിച്ച മറ്റൊരു ബൈക്കും കണ്ടെടുത്തു. ഈ കേസുകളിലാണ് ഇപ്പോൾ അറസ്റ്റിലായത്.

കോയിപ്രം, തിരുവല്ല, റാന്നി, പത്തനംതിട്ട, മാവേലിക്കര എന്നിവിടങ്ങളിലെ ഒട്ടേറെ മോഷണക്കേസുകളിലെയും മാലപൊട്ടിക്കൽ കേസുകളിലെയും പ്രതിയാണെന്നും ശിക്ഷയ്ക്കു ശേഷം ഈ മാസം 21 നു സെൻട്രൽ ജയിലിൽ നിന്നു പുറത്തിറങ്ങിയതാണെന്നും പൊലീസ് പറഞ്ഞു. കാണുന്ന ബൈക്ക് ഇഷ്ടപ്പെട്ടാൽ മോഷ്ടിക്കുന്നതാണ് ബിനുവിന്റെ രീതി. കുറെനാൾ ഓടിച്ച ശേഷം വിൽക്കും. വിചിത്ര സ്വഭാവക്കാരനാണു ബിനുവെന്നു ഡിവൈഎസ്പി പറയുന്നു. അതിനാൽതന്നെ കുറ്റസമ്മതവും വിരമിക്കലും ‘സത്യസന്ധമാണോ’ എന്ന സംശയവും പൊലീസിനുണ്ട്. കോടതിയിൽ ഹാജരാക്കിയ ബിനുവിനെ റിമാൻഡ് ചെയ്തു.