‘കഷായത്തിന്റെ പേരറിയില്ല, ഷാരോണുമായി രഹസ്യവിവാഹം; ജീവനെടുത്തത് അന്ധവിശ്വാസം?’

പെൺസുഹൃത്ത് നൽകിയ ജൂസ് കഴിച്ച് അവശനിലയിലായ മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും ശാസ്ത്രീയ റിപ്പോര്‍ട്ടുകൾ ലഭിച്ചശേഷം വിശദമായ ചോദ്യം ചെയ്യലിലേക്കു കടക്കാമെന്ന തീരുമാനത്തിലാണ് പാറശാല പൊലീസ്.

ഷാരോണിനു കഷായവും പിന്നാലെ ജൂസും നൽകിയെന്ന പെൺകുട്ടിയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഈ പൊരുത്തക്കേടുകളാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർത്താൻ ഷാരോണിന്റെ കുടുംബത്തെ പ്രേരിപ്പിക്കുന്നതും. പെൺകുട്ടി ഷാരോണിന്റെ സുഹൃത്തുക്കളോടും ഷാരോണിനോടും പൊലീസിനോടും സംസാരിച്ച കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. 

പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ റെക്കോർഡ് ബുക്ക് വാങ്ങാൻ സുഹൃത്തിനൊപ്പമാണ് ഷാരോൺ രാമവർമൻ ചിറയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയത്. കഷായം കയ്പ്പാണെന്ന് പറഞ്ഞതിനെ തുടർന്ന് ഷാരോൺ കഷായം കുടിച്ചു നോക്കുകയായിരുന്നു എന്നാണ് പെൺകുട്ടി സുഹൃത്തിനോട് ഫോൺ സംഭാഷണത്തിൽ പറയുന്നത്. കഷായം കുടിച്ചതിനു പിന്നാലെയാണ് ജൂസ് കുടിക്കാനായി നൽകിയത്. ഇതോടെ ഷാരോൺ ഛർദിച്ചു.

ഛർദിച്ച് അവശനായി നടന്നുവരുന്ന ഷാരോണിനെയാണ് പുറത്തുനിന്നിരുന്ന സുഹൃത്ത് കാണുന്നത്. ബൈക്കിൽ സുഹൃത്തിനൊപ്പം വീട്ടിലെത്തിയശേഷം ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ശാരീരികനില മോശമായതിനെ തുടർന്ന് ഷാരോണും പിന്നീട് സുഹൃത്തുക്കളും കഷായത്തിന്റെ പേരു ചോദിച്ചെങ്കിലും അമ്മയോട് ചോദിച്ചിട്ടു പറയാമെന്നു പെൺകുട്ടി മറുപടി നൽ‌കി. ഒരു മാസമായി കഴിക്കുന്ന കഷായത്തിന്റെ പേര് പെൺകുട്ടിക്ക് അറിയാത്തതിൽ ദുരൂഹതയുണ്ടെന്നാണ് ഷാരോണിന്റെ ബന്ധുക്കൾ പറയുന്നത്.

കഷായക്കുപ്പിയിലെ കമ്പനി ലേബൽ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ കീറിപ്പോയെന്നു പറഞ്ഞതും കുപ്പി ചോദിച്ചപ്പോൾ അമ്മ ആക്രിക്കാർക്ക് കൊടുത്തെന്നു പറഞ്ഞതും സംശയകരമാണെന്ന് ബന്ധുക്കൾ പറയുന്നു. ഛര്‍ദിക്കുമെന്ന് അറിഞ്ഞിരുന്നെങ്കിൽ കഷായം കൊടുക്കുമായിരുന്നില്ലെന്ന് ഷാരോണിനോട് വാട്സാപ്പ് ചാറ്റിൽ പെൺകുട്ടി പറയുന്നുണ്ട്. രാവിലെ കഴിച്ച കഷായത്തിന്റെ കുപ്പിയിൽ ശേഷിച്ച കുറച്ചു ഭാഗമാണ് കൊടുത്തതെന്നും പെണ്‍കുട്ടി പറയുന്നു. ഷാരോണിനു കൊടുത്തതോടെ കഷായം തീർന്നെന്നാണ് അവകാശവാദം. ഷാരോൺ വീട്ടിലെത്തിയ ദിവസം തന്നെ കഷായം തീർന്നെന്നു പറയുന്നതിലും ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നു.

ജൂസുമായി ബന്ധപ്പെട്ട കാര്യത്തിലും അവർക്ക് സംശയമുണ്ട്. ഏതു ജൂസാണ് ഷാരോണിനു കൊടുത്തതെന്നു സുഹൃത്തുക്കൾ ചോദിച്ചപ്പോൾ വ്യത്യസ്ത കമ്പനികളുടെ പേരാണ് പെൺകുട്ടി പറഞ്ഞതെന്നു ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ഒടുവില്‍ ഒരു പ്രമുഖ ജൂസ് കമ്പനിയുടെ ഫോട്ടോ ഷാരോണിന്റെ ബന്ധുവിന് അയച്ചു കൊടുത്തു. കഷായത്തിലല്ല ജൂസിലാണ് പ്രശ്നമെന്നും അതേ ജൂസ് കുടിച്ച ഓട്ടോറിക്ഷ ഡ്രൈവർക്കും പ്രശ്നമുണ്ടായെന്നും ഷാരോണിനോട് പെൺകുട്ടി ചാറ്റിൽ പറയുന്നുണ്ട്. ഈ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തി വിശദമായ മൊഴി രേഖപ്പെടുത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. 

ഷാരോണും പെണ്‍കുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. പെൺകുട്ടി താലി അണിഞ്ഞ് ഷാരോണിനൊപ്പം നിൽക്കുന്ന ഫോട്ടോ ബന്ധുക്കളുടെ പക്കലുണ്ട്. ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്നു മരിക്കുമെന്ന് ജാതകത്തിലുള്ളതായി പെൺകുട്ടി ഷാരോണിനോട് പറഞ്ഞിരുന്നു. ഷാരോണിന് അതിൽ വിശ്വാസമില്ലായിരുന്നു. പെൺകുട്ടിക്ക് പട്ടാളത്തിലുള്ള ഉദ്യോഗസ്ഥനുമായി നിശ്ചയിച്ച വിവാഹം അടുത്തിടെ നീട്ടിവച്ചിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ അന്ധവിശ്വാസവുമായി  ബന്ധപ്പെട്ട സാഹചര്യങ്ങൾ കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

വിവാഹത്തിനു മുൻപ് ഇറങ്ങി വരാമെന്ന് പെൺകുട്ടി ഷാരോണിനു വാക്കു നൽകിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. രണ്ട് സമുദായത്തിൽപ്പെട്ടതും സാമ്പത്തിക അന്തരവുമാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പിനു കാരണം. പാറശാല താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ഷാരോണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഷായവും ജൂസും കുടിച്ചതിന്റെ പിറ്റേന്ന് ഷാരോണിന്റെ വായ പൊള്ളി അടർന്നു. വായ മുതൽ തൊണ്ടയുടെ താഴെയുള്ള ഭാഗം വരെ പൊള്ളിയെന്നാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞതെന്നു ബന്ധുക്കള്‍ വിശദീകരിക്കുന്നു.

ഷാരോൺ ചുമയ്ക്കുമ്പോൾ മാംസഭാഗങ്ങൾ പുറത്തേക്കു തുപ്പിയിരുന്നു. ആദ്യം വൃക്കകളും പിന്നീട് കരളും തകരാറിലായി. ശ്വാസകോശത്തിലെ അണുബാധ കാരണമാണ് മരിച്ചതെന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. പെൺകുട്ടി കുടിച്ച കഷായത്തിന്റെ ബാക്കിയാണ് കുടിച്ചതെന്നാണ് ഷാരോൺ മജിസ്ട്രേറ്റിനു നൽകിയ മൊഴി. എന്നാൽ, പെൺകുട്ടി തന്റെ മുന്നിൽവച്ച് കഷായം കുടിക്കുന്നത് കണ്ടില്ലെന്നു ഷാരോൺ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. താൻ കുടിച്ചതിന്റെ ബാക്കി ഗ്ലാസിലുണ്ടെന്നു പറഞ്ഞാണ് പെൺകുട്ടി കഷായം നൽകിയതെന്നു ബന്ധുക്കൾ പറയുന്നു. ഈ സംശയങ്ങളെല്ലാം ശരിയാണോ തെറ്റാണോ എന്നറിയണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ശരീരഭാഗങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കു ലാബിലേക്ക് അയച്ചതായും നെയ്യാറ്റിൻകര സബ് ഡിവിഷൻ എസിപി പറഞ്ഞു. ആരോപണങ്ങൾ ഉയരുമെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ മുന്നോട്ടു പോകാനാകൂ എന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആസിഡിന്റെയോ വിഷത്തിന്റെയോ സാന്നിധ്യം കണ്ടെത്തിയാൽ കേസ് മറ്റൊരു തലത്തിലെത്തും. വിഷവസ്തുക്കളുടെ സാന്നിധ്യമില്ലെങ്കിൽ ഷാരോണിന്റെ മരണകാരണം കണ്ടെത്താൻ മറ്റു മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടി വരും.