ഇർഷാദ് കൊലപാതകേസ്; മൂന്ന് പ്രതികൾ കോടതിയിൽ കീഴടങ്ങി

കോഴിക്കോട്ടെ സ്വർണക്കടത്ത് കൊലപാതക കേസിലെ മൂന്ന് പ്രതികൾ കൽപറ്റ സിജെഎം കോടതിയിൽ കീഴടങ്ങി. വയനാട് സ്വദേശികളായ മിസ്ഫർ, ഷാനവാസ് കൊടുവള്ളി സ്വദേശി ഇർഷാദ് എന്നിവരാണ്  ലുക്ക് ഔട്ട് നോട്ടീസ്പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങിയത്. പ്രതികളെ കസ്റ്റഡിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. വിഡിയോ റിപ്പോർട്ട് കാണാം. 

പന്തിരിക്കര ഇർഷാദ് കൊലപാതകത്തിൽ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ മൂന്ന് പ്രതികളാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് കൽപ്പറ്റ സിജെഎം കോടതിയിൽ കീഴടങ്ങിയത്. രാവിലെ പത്തരയോടെ ഇർഷാദ്, മിസ്ഫർ, ഷാനവാസ് എന്നിവർ കോടതിയിൽ എത്തി.  എന്നാല് കേസ് നടക്കുന്ന അധികാര പരിധിയിലെ കോടതിയല്ലെന്ന കാരണം സിജെഎം ചൂണ്ടിക്കാട്ടിയതോടെ വാദം നടന്നു. പ്രതിഭാഗവും പ്രോസിക്യൂഷനും വാദങ്ങൾ നിരത്തി. അതിനിടെ പൊലീസും കോടതിയിൽ എത്തിയിരുന്നു. കേസ് ഉച്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റിയ കോടതി പ്രതികളെ അതുവരെ പൊലീസ് അറസ്റ്റ് ചെയ്യരുതെന്ന് നിർദേശം നൽകി. രണ്ടരയോടെ വീണ്ടും വാദം തുടങ്ങി. പ്രതിഭാഗത്തിന്റെ ആവശ്യ പ്രകാരം മൂന്ന് പ്രതികളെയും പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടിന് മുൻപാകെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.

പൊലീസ് സംരക്ഷണത്തിലാണ് പ്രതികളെ കോഴിക്കോടേക്ക് കൊണ്ടുപോയത്. മൂന്നുപേരും ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇർഷാദിന്റെ  കൊലപാതകത്തിൽ ഇതുവരെ നാല് പേർ അറസ്റ്റിലായി. എന്നാൽ കേസിലെ മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്.