മരണകാരണം മരുന്നുമാറി കുത്തിവച്ചതല്ലെന്ന് റിപ്പോർട്ട്; ഒഴിയാതെ ദുരൂഹത

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് മരുന്നുമാറി കുത്തിവച്ചത് മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  വന്നെങ്കിലും മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല. കുത്തിവച്ച മരുന്ന് സംബന്ധിച്ച ആശയക്കുഴപ്പം ശക്തമാണ്. ഇക്കാര്യത്തില്‍ കൃത്യമായ മറുപടി ഇല്ലാതെ ഒളിച്ചുകളിക്കുകയാണ് മെഡിക്കല്‍ കോളജ്. 

കൂടരഞ്ഞി സ്വദേശിയായ സിന്ധുവിന്‍റെ മരണം മരുന്ന് മാറി കുത്തിവെച്ചത് മൂലമല്ലെന്നും മറിച്ച് കുത്തിവെച്ച മരുന്നിന്‍റെ പാര്‍ശ്വഫലം കൊണ്ടാണെന്നുമാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അപ്പോഴും കുത്തിവെച്ച മരുന്നിനെ സംബന്ധിച്ച് ആശയകുഴപ്പം തുടരുകയാണ്. ക്രിസ്റ്റലൈന്‍ പെനിസിലിന്‍ കുത്തിവെച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് മരുന്ന് സംഭരിച്ചു നല്‍കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ കുറേ വര്‍ഷമായി ഈ മരുന്ന് വാങ്ങുന്നില്ല. സംസ്ഥാനത്ത് ഒരിടത്തും ഈ മരുന്ന് വിതരണം ചെയ്യുന്നുമില്ല. കഴിഞ്ഞ ആഴ്ച്ച ക്ഷണിച്ച ടെന്‍ഡറിലും ക്രിസ്്റ്റലൈന്‍ പെനിസിലിന്‍ ഇല്ല. പകരം വിവേക് ഫാര്‍മെകം എന്ന കമ്പനി നിര്‍മിക്കുന്ന ബെന്‍സന്‍ പെനിസിലിന്‍ ആണ് ഈ വര്‍ഷം വിതരണം ചെയ്തിരിക്കുന്നത്. അങ്ങനെയെങ്കില്‍, എങ്ങനെയാണ് ക്രിസ്റ്റലൈന്‍ പെനിസിലിന്‍ കുത്തിവച്ചതെന്ന സംശയം ഉയരുന്നു. പുറമേ നിന്ന് മരുന്ന് വാങ്ങാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കളും പറയുന്നു. ഏതായാലും ഇക്കാര്യത്തില്‍ മെഡിക്കല്‍ കോളജിന് വരുംദിവസങ്ങളില്‍ കൃത്യമായ ഉത്തരം പറയേണ്ടി വരും.