കാട്ടുപന്നിയെ വെടിവയ്ക്കാൻ 8 അംഗ തദ്ദേശീയസംഘം; രണ്ട് പന്നികളെ കൊന്നു

വിളനശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാന്‍ കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തില്‍ എട്ട് പേരടങ്ങുന്ന തദേശീയ സംഘം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കൃഷിയിടങ്ങളില്‍നിന്ന് രണ്ട് പന്നികളെ വെടിവെച്ച് കൊന്നു. പൂര്‍ണമായും നിയമപരമായാണ് നടപടികളെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 

പഞ്ചായത്തില്‍ പന്നികളെ വെടിവെക്കുന്നതിന് അനുമതി ലഭിച്ചവരെ നാല് സംഘങ്ങളായി തിരിച്ചായിരുന്നു തിരച്ചില്‍. കഴിഞ്ഞദിവസം രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തി. കാട്ടുപന്നി ശല്യം കൂടുതലായുള്ള പ്രദേശങ്ങള്‍ മുന്‍കൂടി നിശ്ചയിച്ചിരുന്നു. ഇതിനനുസരിച്ചാണ് തോക്ക് ഉപയോഗിക്കുന്നവരെ നാല് സംഘങ്ങളായി തിരിച്ചത്. 

സംഘമായി ചേര്‍ന്ന് കാട്ടുപന്നി തുരത്തല്‍ കൂടുതല്‍ ഫലപ്രദമെന്നാണ് നടപടികളുടെ ഭാഗമായ നാട്ടുകാരുടെ പക്ഷം. 

മേഖലയിലെ കൃഷിയിടങ്ങളില്‍നിന്ന് രണ്ട് കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്. പ്രദേശത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമാണെന്ന് വ്യാപക പരാതിയുണ്ട്.