റേവ് പാര്‍ട്ടിക്കിടെ ദുരൂഹമരണം; മൂന്നുപേര്‍ അറസ്റ്റിൽ

ചെന്നൈയില്‍ റേവ് പാര്‍ട്ടിക്കിടെ അമിത മദ്യപാനത്തെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പാര്‍ട്ടി നടത്തിയ ചെന്നൈ തിരുമംഗലം വി.ആര്‍.മാളിലെ ബാര്‍ മാനേജര്‍മാരും ഇവന്റ് കോര്‍ഡിനേറ്ററുമായണ് അറസ്റ്റിലായത്. മെക്സിക്കന്‍ ഡി.ജെ. മണ്ട്രഗോറയുടെ നേതൃത്വത്തിലായിരുന്നു മാളിന്റെ റൂഫ് ടോപ്പില്‍ 900 ആളുകളെ പങ്കെടുപ്പിച്ചുള്ള പരിപാടി. അതിനിടെ നഗരം റേവ് പാര്‍ട്ടി ഹബ്ബാകുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ റെയ്ഡുകള്‍ക്കു പൊലീസും എക്സൈസുയം തുടക്കമിട്ടു.

ശനിയാഴ്ച വൈകീട്ടു തിരുമംഗലത്തെ വി.ആര്‍.മാളിന്റെ റൂഫ് ടോപ്പില്‍ നടന്നതു റേവ് പാര്‍ട്ടിയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. മാളിന്റെ മൂന്നാം നിലയിലുള്ള മങ്കി ബാറാണു പരിപാടി നടത്തിയത്. ഈബാറിനു ലൈസന്‍സ് പോലുമില്ല. മറ്റൊരു നിലയിലുള്ള മദ്രാസ് ഹൗസെന്ന ബാറിന്റെ അനുമതിയുടെ മറവിലായിരുന്നു പ്രവര്‍ത്തനം. ഇരുബാറുകളും എക്സൈസ് പൂട്ടിച്ചു. നഗരത്തിലെ ഐ,ടി. കമ്പനി ജീവനക്കാരനായ മടിപ്പാക്കം സ്വദേശി പ്രവീണാണു മരിച്ചത്. അതേ സമയം പൊലീസ് റെയ്ഡിനെ, മെക്സിക്കന്‍ ഡി.ജെ. മണ്ട്രഗോറ രൂക്ഷമായി വിമര്‍ശിച്ചു സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. ലഹരി ഉപയോഗം നടന്നില്ലെന്നാണു മണ്ട്രഗോറയുടെ വാദം.

ചെന്നൈ റേവ് പാര്‍ട്ടികളുടെ കേന്ദ്രമാകുന്നുവെന്നാണു നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് ബ്യൂറോ അടക്കമുള്ള ഏജന്‍സികളുടെ മുന്നറിയിപ്പ്. കഴിഞ്ഞദിവസത്തെ പാര്‍ട്ടി നടന്നതു വന്‍തുക വാടക വരുന്ന നഗരത്തിലെ പ്രമുഖ മാളിന്റെ മട്ടുപാവിലാണ്. ടിക്കറ്റ് വില്‍പനയും പരസ്യവുമെല്ലാം സമൂഹാധ്യമങ്ങളില്‍ വഴിയായതിനാല്‍ കണ്ടെത്താന്‍ പലപ്പോഴും കഴിയുന്നില്ലെന്നും പൊലീസ് പറയുന്നു. ഡി.ജെ.പാര്‍ട്ടീസ് ,പൂള്‍ പാര്‍ട്ടീസ്, കം ടു ഹെവന്‍, റോക്ക് ആന്‍ഡ് റോള്‍  തുടങ്ങിയ ഓമനപേരുകളിലാണു റേവ് പാര്‍ട്ടികളുടെ പരസ്യങ്ങള്‍. എല്‍,എസ്.ഡി, ഹെറോയന്‍, കൊക്കൈയിന്‍ തുടങ്ങിയ ലഹരിമരുന്നുകളുടെ വ്യാപക ഉപയോഗം ഇത്തരം പാര്‍ട്ടികളിലുണ്ടെന്നും പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്തര്‍ക്കും ടിക്കറ്റ് കിട്ടും. ഇവര്‍ക്കു മദ്യവും ലഹരിമരുന്നുകളും വിതരണം ചെയ്യുന്നതായും കണ്ടെത്തി. വി.ആര്‍. മാളില്‍ നടന്ന പാര്‍ട്ടിയില്‍ 81പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ആണ്‍കുട്ടികളുമായിരുന്നു.. ഇവരെല്ലാം മദ്യപിച്ചു സ്വബോധമില്ലാത്ത നിലയിലായിരുന്നു പൊലീസ് റെയ്ഡിനെത്തുമ്പോള്‍.