പെൺകുട്ടിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന പ്രതി പിടിയിൽ; പിതാവിന്റേത് ആത്മഹത്യ

ചെന്നൈയിൽ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് പെൺകുട്ടിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ആദംപാക്കം സ്വദേശി സതീഷിനെ ഇ.സി.ആർ റോഡിലെ ദുരൈപാക്കത്തു നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചെന്നൈ വിമാനത്താവളത്തിലെ കാർഗോ വിഭാഗം ജീവനക്കാരനാണിയാൾ. കൊലപാതക വിവരം അറിഞ്ഞതിനു പിന്നാലെ മരിച്ച പെൺകുട്ടിയുടെ അച്ഛൻ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. ടി.നഗറിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയായ സത്യയെയാണ് ഓടുന്ന ട്രെയിനിനു മുന്നിലേക്ക്‌ തള്ളിയിട്ടു കൊലപ്പെടുത്തിയത്. ട്രെയിന് അടിയിൽ പെട്ട് സത്യയുടെ തല ചിന്നിചിതറിയിരുന്നു. ഇതു കണ്ടു യാത്രക്കാർ ഓടിക്കൂടുന്നതിനിടെ പ്രതി സതീഷ് രക്ഷപെട്ടു. വിവരം അറിഞ്ഞ ഉടനെ  നഗരം മുഴുവൻ പൊലീസ് തിരച്ചിൽ തുടങ്ങി. മരിച്ച സത്യയുടെ അമ്മ നഗരത്തിലെ സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിലാണ്. പ്രതി സതീഷിന്റെ അച്ഛൻ ഈയിടെയാണ് സർവീസിൽ നിന്നു വിരമിച്ചത്. അതിനാൽ പ്രതിയെ കുറിച്ച് പൊലീസിന് കൃത്യമായ വിവരങ്ങൾ ഉണ്ടായിരുന്നു. രാവിലെ ഇ.സി.ആർ റോഡിലെ  ദുരൈപാക്കത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. തുടർന്നു മാമ്പലം സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 

മരിച്ച പെൺകുട്ടിയും സതീഷും നേരത്തെ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് ആറുമാസം മുൻപ് പെൺകുട്ടി ബന്ധത്തിൽ നിന്ന് ഒഴിവായി. ഇതേച്ചോല്ലി സത്യ പഠിക്കുന്ന കോളേജിലെത്തി പ്രതീഷ് ആഴ്ചകൾക്ക് മുൻപ് ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് സത്യയുടെ കുടുംബം മാമ്പലം, സെന്റ് തോമസ് മൗണ്ട്‌ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതി നൽകി. ഇരുകുടുംബങ്ങളെയും വിളിച്ചു വരുത്തി പ്രശ്നം രമ്യതയിൽ തീർത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഈ അപമാനമാണ് ആക്രമണത്തിന്റെ പ്രകോപനമെന്നാണ് പ്രതിയുടെ മൊഴി. 

അതിനിടെ  മകളുടെ  മരണം താങ്ങാൻ കഴിയാതെ സത്യയുടെ അച്ഛൻ ആത്മഹത്യ ചെയ്തു. സെന്റ് തോമസ് മൗണ്ട് സ്വദേശി മാണിക്യത്തെ രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സത്യയുടെ  മൃതദേഹം  പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടിലേക്കു കൊണ്ടുവരാനായി ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കുടുംബത്തെ ഞെട്ടിച്ച ആത്മഹത്യ. മദ്യത്തിൽ വിഷം കലർത്തി കുടിച്ചാണ് മരണം. തുടക്കത്തിൽ ഹൃദയഘാതമാണ് മരണകാരണമെന്നാണ് കരുതിയിരുന്നതു. കിടപ്പു മുറിയിൽ നടത്തിയ പരിശോധനയിലാണ്  മദ്യകുപ്പിയും വിഷവും കണ്ടെത്തിയത്. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ സത്യയുടെ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ചു. തമിഴ്നാട് ഗ്രാമീണ വ്യവസായ വകുപ്പ് മന്ത്രി ടി.എം. അംബരസൻ അടക്കം നിരവധി പ്രമുഖർ സത്യയുടെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

The accused in the case of killing a girl by pushing her in front of a running train in Chennai has been arrested