ആഢംബര കാറിൽ കഞ്ചാവ് കടത്ത്; വാളയാറിൽ രണ്ടുപേർ അറസ്റ്റിൽ

ഒഡീഷയിൽ നിന്ന് ആഢംബര കാറിൽ കടത്തുകയായിരുന്ന അറുപത് കിലോ കഞ്ചാവുമായി വാളയാറിൽ രണ്ടുപേർ അറസ്റ്റിൽ. നിരവധി ലഹരി കടത്ത് കേസിൽ പ്രതിയായ കുളത്തൂർ സ്വദേശി കരീം സുഹൃത്ത് കൽപ്പറ്റ സ്വദേശി ഫാസിൽ എന്നിവരെയാണ് വാളയാർ പൊലീസും ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി പിന്തുടർന്ന് പിടികൂടിയത്. രണ്ടാഴ്ചയിലധികമായുള്ള നിരീക്ഷണത്തിലാണ് പതിവ് കടത്തുകാർ അതിർത്തി പിന്നിടും മുൻപ് കുരുക്കിലായത്.

ലക്ഷങ്ങൾ വിലയുള്ള ആഢംബര വാഹനം. വ്യാപാരികളെന്ന വ്യാജേന കാറില്‍ രണ്ടുപേരുടെ യാത്ര. വഴിയില്‍ യാതൊരു തടസവുമില്ലാതെ മുന്നോട്ട് നീങ്ങാന്‍ കഴിയുമെന്ന ചിന്ത. വിലകൂടിയ വാഹനമാകുമ്പോള്‍ പൊലീസ് പരിശോധന ഉള്‍പ്പെടെ കാര്യമായുണ്ടാകില്ലെന്നും ഇരുവരും കരുതി. കാറിലുണ്ടായിരുന്ന പതിവ് കടത്തുകാരൻ കരീമിനെക്കുറിച്ചുള്ള പൊലീസിന്റെ സൂചനകൾ ഈ ധാരണയെല്ലാം വെറുതെയാക്കി. വാളയാർ അതിർത്തി പിന്നിടും മുൻപ് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും വാഹനം നിർത്താതെ പാഞ്ഞു. ഇടവഴിയിലൂടെ വേഗതയില്‍ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. വ്യത്യസ്ത ഇടങ്ങളിലായി കാത്തു നിന്ന വാളയാർ പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് കാർ തടഞ്ഞ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഒറ്റ നോട്ടത്തിൽ കാറിൽ കഞ്ചാവുണ്ടെന്ന് തെളിയാത്ത മട്ടിലാണ് ലഹരി ഒളിപ്പിച്ചിരുന്നത്. വാഹനത്തിന്റെ ഡിക്കിയിൽ രണ്ട് കിലോ വീതമുള്ള മുപ്പത് കെട്ട്. ബാഗിലും കവറുകൾക്കിടയിലുമാണ് കരുതിയിരുന്നത്. അതിർത്തി വഴി ലഹരി കടത്തിയതിന് കരീമിനെതിരെ പാലക്കാട് ജില്ലയിൽ മാത്രം ആറ് സ്റ്റേഷനുകളിൽ കേസുണ്ട്. മലപ്പുറം ജില്ലയിലെ വിവിധ ചെറുകിടക്കാരെ ലക്ഷ്യമിട്ടാണ് കഞ്ചാവെത്തിച്ചിരുന്നത്. കൂടുതലാളുകൾക്ക് പങ്കുണ്ടോ എന്നത് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു