റബർ തോട്ടത്തിൽ അഴുകിയ നിലയിൽ മൃതദേഹം; ഒരുമാസത്തിലേറെ പഴക്കം

കാസർകോട് പരപ്പ പാലവളപ്പിന് സമീപം റബർ തോട്ടത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഒരുമാസത്തിലേറെ പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബളാൽ പഞ്ചായത്തിലെ ഇടത്തോട് മുണ്ടപ്ലാവിലെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. പുല്ല് ചെത്താൻ പോയ പ്രദേശവാസിയാണ് അഴുകിയ മൃതദേഹം കണ്ടത്. അസ്ഥികൂടത്തിന് സമീപത്തുള്ള മരക്കൊമ്പിൽ തുണികെട്ടിയ നിലയിൽ കാണപ്പെട്ടതിനാൽ തൂങ്ങി മരിച്ചതാകാമെന്ന് കരുതുന്നു. 

മൃതദേഹം വന്യമൃഗങ്ങൾ അക്രമിച്ചതിനാലാകാം തലയോട്ടി വേർപെട്ട നിലയിൽ അൽപ്പം അകലെയായി കാണപ്പെട്ടു. അമ്പലത്തറ നായിക്കയത്ത് നിന്ന് ഒരു മാസം മുമ്പ് കാണാതായ വ്യക്തിയുടേതാകാം മൃതദേഹമെന്നാണ് നിഗമനം. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചു.