ക്യാമറയ്ക്കു പിറകിലൂടെയെത്തി മോഷ്ടാവ്; എ.ടി.എം. കൗണ്ടര്‍ കൊള്ളയടിക്കാന്‍ ശ്രമം

തൃശൂര്‍ തിരൂരില്‍ കനറാ ബാങ്കിന്റെ എ.ടി.എം. കൗണ്ടര്‍ കൊള്ളയടിക്കാന്‍ ശ്രമം. ഗ്യാസ് കട്ടറും സിലിണ്ടറും കൗണ്ടറിനു സമീപത്തുള്ള കാനയില്‍ നിന്ന് കണ്ടെടുത്തു. പണം നഷ്ടപ്പെട്ടില്ല. തൃശൂര്‍ തിരൂരിലെ കനറാ ബാങ്കിന്റെ മുളങ്കുന്നത്തുകാവ് ശാഖ എ.ടി.എം കൗണ്ടറിലായിരുന്നു കവര്‍ച്ചാശ്രമം. ബാങ്കിനു മുന്‍വശത്തെ നിരീക്ഷണ ക്യാമറയ്ക്കു പിറകിലൂടെയാണ് മോഷ്ടാവ് പ്രവേശിച്ചത്. 

ക്യാമറയില്‍ സ്പ്രേ പെയിന്റ് ചെയ്തിട്ടുണ്ട്. നിരീക്ഷണ ക്യാമറയുടേയും കാഴ്ച മറച്ചു. സ്പ്രേ പെയിന്റ് ബോട്ടില്‍ പരിസരത്ത് നിന്ന് കിട്ടി. ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പുലര്‍ച്ചെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ എത്തിയ നാട്ടുകാരനാണ് ആദ്യം സംഭവം കണ്ടത്. ഉടനെ പൊലീസിനെ അറിയിച്ചു. മുളങ്കുന്നത്തുക്കാവ് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എടിഎമ്മിൽ നിന്ന് സംസ്ഥാന പാതയിലൂടെ മണം പിടിച്ചോടിയ പൊലീസ് നായ ഏതാനും ദൂരെയെത്തിയതോടെ നിന്നു. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. 

എ.ടി.എം. കവര്‍ച്ച നടത്തിയിട്ടുള്ള മോഷ്ടാക്കളില്‍ ആരെങ്കിലും ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.