എടിഎം തകർത്ത് കവർച്ച: തെളിവ് തേടി പൊലീസ്; 4 പേർക്കായി അന്വേഷണം

കണ്ണൂർ കണ്ണപുരത്ത് എ.ടി.എമ്മുകൾ തകർത്ത് കവർച്ച നടത്തിയ ഹരിയാന സ്വദേശികളായ മൂന്ന് പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കണ്ണൂർ എ.സി.പി, പി. ബാലക്യഷ്ണന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക  സംഘമാണ് തെളിവെടുപ്പിനായി പ്രതികളുമായി എത്തിയത്. കേസിൽ പിടിയിലാകാനുള്ള നാലു പേർക്കു വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഹരിയാനയിൽ നിന്ന് പിടിയിലായ പ്രതികളെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനും, ചോദ്യം ചെയ്യലിനുമായി പൊലീസ്  മൂന്നു ദിവസം കസ്റ്റഡിയിൽ വാങ്ങി. രാവിലെ പത്തു മണിയോടെയാണ് അന്വേഷണ സംഘം  പ്രതികളുമായി തെളിവെടുപ്പിനെത്തിയത്. മോഷണം നടത്തിയ രീതിയും, തുടർന്ന് രക്ഷപ്പെട്ടതെങ്ങനെയെന്നും പ്രതികൾ പൊലീസിനോട് വിവരിച്ചു. 

കഴിഞ്ഞ ഇരുപതിന് അർധരാത്രിയോടെയായിരുന്നു കല്യാശേരി, മാങ്ങാട്, ഇരിണാവ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകൾ തകർത്ത് 24.6 ലക്ഷം രൂപ സംഘം കവർന്നത്. കവർച്ച സംഘത്തെക്കുറിച്ചുള്ള കൃത്യമായ സൂചന ലഭിച്ചതോടെ പൊലിസ് ഹരിയാനയിലെത്തി. അവിടുത്തെ പൊലീസിൻ്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

ഹരിയാന മേവത്ത് സ്വദേശികളായ നൗമാൻ, സൂജൂദ്, രാജസ്ഥാൻ സ്വദേശി മുവീൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 16 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ദേശീയ പാതയോരത്തെ തിരക്കൊഴിഞ്ഞ എ.ടി.എമ്മുകൾ കേന്ദ്രീകരിച്ചായിരുന്നു. സംഘം കവർച്ച നടത്തിയിരുന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം തകർത്തായിരുന്നു മോഷണം. ഒരു  എ.ടി.എം തകർത്ത് പണം കവരാൻ പരമാവധി അര മണിക്കൂർ വരെയാണ് സംഘം എടുത്തിരുന്നത്.

കേരളത്തിലെ എ.ടി.എമ്മുകളിൽ സുരക്ഷ കുറവാണെന്നത് മനസിലാക്കിയായിരുന്നു കവർച്ച. കേസിലെ  മുഴുവൻ പ്രതികളും ഉടൻ പിടിയിലാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംഘത്തിലുൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.