കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം പിടിയിൽ; കുടുങ്ങിയത് മോഷണശ്രമത്തിനിടെ

കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് മരിയാർപൂതം കൊച്ചിയിൽ പിടിയിൽ. കതൃക്കടവിൽ മോഷണശ്രമത്തിനിടെ വീട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. വീട്ടുകാരനെ  വെട്ടി കടന്നുകളയാനുള്ള ശ്രമം അയൽവാസികളുടെ സഹായത്തോടെയാണ് ചെറുത്ത് തോൽപ്പിച്ചത്

കതൃക്കടവ് കട്ടക്കര റോഡിൽ ഇഗ്നോയിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി കന്തസ്വാമി താമസിക്കുന്ന മുറികളിലൊന്നാണ് മരിയാർപൂതം മോഷണത്തിനായി തിരഞ്ഞെടുത്തത്. പുലർച്ചെ രണ്ടരയോടെ മുറിക്കകത്ത് കയറി തിരച്ചിൽ തുടരുന്നതിനിടെ കന്തസ്വാമി മോഷ്ടാവിനെ കണ്ടു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മരിയാർപൂതത്തെ അതിസാഹസികമായി കന്തസ്വാമി പിടികൂടി. രക്ഷപ്പെടാൻ പഠിച്ചപണി പതിനെട്ടും മരിയാർപൂതം പയറ്റി . 

മോഷണത്തിനായി കയ്യിൽ കരുതിയ ആയുധമുപയോഗിച്ച് തലയ്ക്ക് വെട്ടിയിട്ടും കന്തസ്വാമി മോഷ്ടാവിനെ വിട്ടില്ല. ബഹളം കേട്ട് ഓടിവന്ന അയൽവാസികളുടെ കൂടി സഹായത്തോടെ ബലപ്രയോഗത്തിലൂടെ മറിയാർപൂതത്തെ കീഴടക്കി കയറുകൾകൊണ്ട് കൈകാലുകൾ കെട്ടിയിട്ടു. തുടർന്ന് നോർത്ത് പൊലീസെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. 

400 ലേറെ മോഷണം കേസുകളിൽ പ്രതിയായ മരിയാർ പൂതത്തിന്റെ യഥാർത്ഥ പേര് ജോൺസൺ എന്നാണ്. തമിഴ്നാട് മാർത്താണ്ഡം സ്വദേശി. കൊച്ചി കേന്ദ്രീകരിച്ച് വ്യാപകമായി മോഷണം നടത്തിയിട്ടുള്ള മരിയാർപൂതം 2018ൽ പിടിയിലായി. തുടർന്ന് ജയിലായിരുന്ന ഇയാൾ കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. തുടർന്ന് കൊച്ചിയിലും മറ്റ് സംസ്ഥാനങ്ങളുമായി  മോഷണം തുടർന്നു. ഏപ്രിലിൽ കലൂരിലെ വീട് കുത്തി തുറന്ന് ആറായിരം രൂപ കവർന്നിരുന്നു

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവ് മരിയാർപൂതമാണെന്ന് സ്ഥിരീകരിച്ചെങ്കിലും അന്ന് പിടികൂടാനായില്ല. പോണ്ടിച്ചേരിയിലും,തമിഴ്നാട്ടിലുൾപ്പെടെ  മരിയാർപൂതത്തിനെതിരെ കേസുകൾ നിലവിലുണ്ട്

Notorious thief Mariyaatpootham arrested