ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച; തെളിവെടുപ്പ് നടത്തി

ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഗോവ സ്വദേശി ഡേവിഡ് ഡയസിനെ ആലുവയിൽ താമസിച്ചിരുന്ന ഹോട്ടലിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. 

കഴിഞ്ഞ മാസം അഞ്ചിന് ഉച്ചക്ക് ഒന്നരയോടെ ആലുവ ബാങ്ക് ജംക്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ എന്നും പറഞ്ഞ് അഞ്ച് പേർ എത്തിയത്. പരിശോധന നടത്തി വീട്ടിൽ നിന്ന് അമ്പതു പവനോളം സ്വർണ്ണവും , ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു  കളഞ്ഞു. വീട്ടിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക്കും സംഘം കൊണ്ടുപോയി. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലായിരുന്നു. 

ഗോവ സ്വദേശികളായ ഡേവിസ് ഡയസും , റമീ വാസും കവർച്ച നടത്തിയതിൻ്റെ ഏതാനും ദിവസങ്ങൾക്കു മുൻപ്  ഹോട്ടലിൽ താമസിച്ച് വീടും പരിസരവും നിരീക്ഷിച്ചിരുന്നു. പിന്നീട് സംഘാംഗങ്ങളോടൊപ്പം തലേ ദിവസവും ഹോട്ടലിൽ താമസിച്ചാണ് കവർച്ച നടത്തിയത്. സ്വർണ്ണവും പണവും കവർന്ന കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. കേസിൽ ഇതു വരെ 5 പേർ പിടിയിലായി. 

ഗോവ സ്വദേശി മൗലാലി ഹബീബുൽ ഷേക്, കണ്ണൂർ സ്വദേശി അബൂട്ടി, പ്രതിയായ ഹാരിസിന്റെ ഭാര്യ സുഹറ എന്നിവർ പിടിയിലായിരുന്നു. ഹാരിസ്, ഹമീദ് എന്നിവരാണ് പിടിയിലാകാനുള്ളത്. സ്വർണക്കടകൾക്ക് വേണ്ടി സ്വർണാഭരണങ്ങൾ നിർമിക്കുന്ന  സജജയിന്റെ വീട്ടിൽ നിന്ന് വൻ കവർച്ചയാണ് സംഘം ലക്ഷ്യമിട്ടത്. എന്നാൽ   അമ്പത് പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും മാത്രമാണ് ലഭിച്ചത്.കവർച്ച നടന്ന് മണിക്കൂറുകൾക്കുള്ളിൽ കവർച്ചക്കാരുടെ പുറകെ പോലീസ് നടത്തിയ അന്വേഷണമാണ് പെട്ടെന്ന് തന്നെ പ്രതികളെ കണ്ടെത്താൻ സഹായിച്ചത്.