എ.ടി.എമ്മിലെ പണംവരുന്ന ഭാഗം അടച്ചുവച്ചു; കൊച്ചിയില്‍ വ്യാപക തട്ടിപ്പ്

കൊച്ചിയില്‍ എടിഎമ്മുകൾ കേന്ദ്രീകരിച്ച് വ്യാപക തട്ടിപ്പ്. കളമശേരിയിലെ എ.ടി.എമ്മില്‍നിന്ന് ഏഴ് തവണകളിലായി മോഷ്ടാവ് കാല്‍ലക്ഷം രൂപ കവര്‍ന്നു. ശാരീരിക വൈകല്യമുള്ള ഇതരസംസ്ഥാനക്കാരനെന്ന് സംശയിക്കുന്ന മോഷ്ടാവിനായി അന്വേഷണം ഊര്‍ജിതമാക്കി. ജില്ലയിലെ 11 എ.ടി.എമ്മുകളില്‍ സമാനമായ തട്ടിപ്പ് നടന്നെന്നാണ് സൂചന. ഈ മാസം 18, 19 തീയതികളിലായിരുന്നു കളമശേരി പ്രീമിയര്‍ ജംക്ഷനിലെ എടിഎമ്മില്‍ നിന്ന് പണം കവര്‍ന്നത്. പകലും രാത്രിയുമായി ഏഴ് തവണകളായി തട്ടിയത് 25000 രൂപ. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പണം തട്ടിയ രീതി പൊലീസ് മനസിലാക്കിയത്. 

എടിഎം കൗണ്ടറിലെത്തിയ മോഷ്ടാവ് മെഷീനില്‍ നിന്ന് പണം വരുന്ന ഭാഗം എന്തോവെച്ച് മറയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കൗണ്ടര്‍ വിടുന്ന മോഷ്ടാവ് പുറത്ത് കാത്തു നില്‍ക്കുന്നു. ഇടപാടുകാര്‍ എത്തി പണം പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ നോട്ടുകെട്ടുകളുടെ ശബ്ദം കേള്‍ക്കാമെങ്കിലും പണം പുറത്ത് വരില്ല. സാങ്കേതിക തടസമെന്ന ധാരണയില്‍ ഇടപാടുകാര്‍ സ്ഥലംവിടും. ഇതിന് പിന്നാലെയെത്തുന്ന മോഷ്ടാവ് തടസം നീക്കി പണം തട്ടിയെടുക്കുകയായിരുന്നു. മോഷ്ടാവിനായി റെയില്‍വെ സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ പരിശോധന തുടരുകയാണ്. മറ്റ് ജില്ലകളിലും തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന സംശയവും പൊലീസിനുണ്ട്. എടിഎം മെഷീനെ കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നില്ലെന്ന നിഗമനത്തിലാണ് പൊലീസ്.