എടിഎം കവര്‍ച്ച: അഞ്ചംഗ സംഘം കോതമംഗലത്ത് അറസ്റ്റിൽ

എടിഎം കവര്‍ച്ച ഉള്‍പ്പെടെ നിരവധി മോഷണക്കേസുകളില്‍ പ്രതികളായ അഞ്ചംഗ സംഘത്തെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശുകാരായ നാലുപേരും രായമംഗംലം സ്വദേശിയായ ഒരാളുമാണ് അറസ്റ്റിലായത്. പുതിയ മോഷണപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.

ഉത്തര്‍പ്രദേശുകാരായ മുഹസിന്‍, ഷഹജാദ്, നദീം, ഷംസാദ്, പിന്നെ രായമംഗംലം പുല്ലുവഴി തോംമ്പ്രയില്‍  വീട്ടില്‍ അനില്‍ മത്തായി. കോതമംഗംലം പൊലീസിന്റെ വലയില്‍ വീണ കുപ്രസിദ്ധ കള്ളന്‍മാര്‍. പലരും കണ്ട മുഖങ്ങളായിരിക്കും ഇത്. നെല്ലിക്കുഴിയിലെ എസ്.ബി.ഐ എ.ടി.എം കവര്‍ച്ചയാണ് ഇവര്‍ നടത്തിയ ഏറ്റവും വലിയ മോഷണം. കോതമംഗംലത്തും നെല്ലിക്കുഴിയിലുമായി ചെറുതും വലുതുമായ മോഷണങ്ങള്‍ വേറെയും. സംഘമായി തിരിഞ്ഞാണ് ചെറുമോഷണങ്ങള്‍ ഷഹജാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെല്ലിക്കുഴി ഭാഗത്ത് മോഷണപരമ്പര തന്നെ നടത്തിയത്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

മോഷണക്കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസും, കോതമംഗലം എസ്.ഐ വി.എസ്.വിപിനുമടങ്ങുന്ന സംഘമാണ് പുതിയ മോഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെ പ്രതികളെ നാടകീയമായി പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അഞ്ചുപേരെയും മോഷണം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു.