എ.ടി.എം. മെഷീനിൽ സ്കിമ്മിങ് ഉപയോഗിച്ച് കവർച്ച; 4 പേർ അറസ്റ്റിൽ

എ.ടി.എം. മെഷീനിൽ സ്കിമ്മിങ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ മംഗളൂരുവില്‍ മൂന്ന് മലയാളികളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ ഇതുവരെയായി പല അക്കൗണ്ടുകളില്‍നിന്ന് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് സൂചന. ഇവര്‍ സ്‌കിമ്മിങ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ മംഗളൂരു പൊലീസ് പുറത്തുവിട്ടു.

ഇടപാടുകാരുടെ എടിഎം കാർഡിന്റെ ഡേറ്റയും രഹസ്യകോഡും ചോർത്തി വ്യാജ എ.ടി.എം. കാര്‍ഡ് നിര്‍മിച്ചാണ് പ്രതികള്‍ പണം തട്ടിയിരുന്നത്. തൃശൂർ സ്വദേശി ഗ്ലാഡ്‌വിൻ ജിന്റോ ജോസ്, കാസർകോട് സ്വദേശി  അബ്ദുൾ മജീദ്, ആലപ്പുഴ സ്വദേശി രാഹുൽ ഡല്‍ഹി സ്വദേശി ദിനേശ് എന്നിവരാണ് പിടിയിലായത്. പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ പരുക്കേറ്റ അജ്മൽ എന്നയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രി വിടുമ്പോൾ ഇയാളുടെയും അറസ്റ്റ് രേഖപ്പെടുത്തും. ഗ്ലാഡ് വിൻ ജിന്റോ ജോസ് ആണ് സംഘത്തിന്‍റെ തലവന്‍ എന്നാണ് പൊലീസ് പറയുന്നത്. 

ഓണ്‍ലൈനില്‍ സ്കിമ്മിങ് മെഷീന്‍ വാങ്ങിയതും ഗ്ലാഡ്‌വിനാണ്. സ്കിമ്മിങ് ഉപകരണങ്ങള്‍, വ്യാജ എടിഎം കാര്‍ഡുകള്‍, രണ്ട് കാറുകള്‍ മൊബൈല്‍ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയും പ്രതികളില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം നഗരത്തിലെ എടിഎമ്മിൽ സ്‌കിമ്മിങ് ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കവേ രണ്ടുപേരെ നാട്ടുകാർ പിടികൂടിയിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെയും അറസ്റ്റ് ചെയ്തത്.