വായ്പക്കാരുടെ അനുകമ്പയ്ക്കും ഭാര്യയെ പാഠം പഠിപ്പിക്കാനും ‘മോഷണം’; ജ്വല്ലറി ഉടമ പിടിയിൽ

ജീവനക്കാർക്കൊപ്പം വ്യാജ മോഷണം ആസൂത്രണം ചെയ്ത ജ്വല്ലറി ഉടമ അറസ്റ്റിൽ. രോഹിണി സെക്ടർ 3ലെ ജ്വല്ലറി ഉടമ മുകേഷ് വർമ (47), സ്ഥാപനത്തിലെ ജോലിക്കാരായ സണ്ണി (31), സുരാജ് (20) എന്നിവരാണ് അറസ്റ്റിലായത്. പണം വായ്പ നൽകിയിരുന്നവരുടെ അനുകമ്പ പിടിച്ചുപറ്റാനാണ് ഇത്തരമൊരു നാടകം ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു.

സൗഭാഗ്യമുണ്ടാകുമെന്നു പറഞ്ഞു മോതിരം ധരിക്കാൻ നിർബന്ധിച്ച ഭാര്യയെ ഒരു ‘പാഠം പഠിപ്പിക്കുകയെന്ന’ ലക്ഷ്യവും മുകേഷ് വർമയ്ക്കുണ്ടായിരുന്നെന്നു പൊലീസ് വെളിപ്പെടുത്തി. ഈ മാസം 16നു വൈകിട്ട് 9.35നാണു മോഷണവാർത്ത പൊലീസിനു ലഭിച്ചത്. 650 ഗ്രാം സ്വർണവും 8 ലക്ഷം രൂപയും കാറിനുള്ളിൽനിന്നു നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി.

ജ്വല്ലറിയിലെ ആഭരണങ്ങളും പണവുമായി വീട്ടിലെത്തി കാർ പാർക്ക് ചെയ്ത ശേഷം ഉള്ളിലേക്കു പോയെന്നും ബാഗെടുക്കാൻ തിരിച്ചെത്തിയപ്പോൾ മോഷണം സംഭവിച്ചിരുന്നെന്നുമായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജ്വല്ലറിയിലെ ജീവനക്കാരൻ സണ്ണിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയാണു പൊലീസ് ഇയാളെ വിളിപ്പിച്ചത്.

ചോദ്യം ചെയ്യലിൽ മുകേഷ് വർമയുടെ പങ്ക് ഇയാൾ പൊലീസിനോടു വെളിപ്പെടുത്തി. കാറിൽനിന്നു ബാഗ് എടുത്തു കൈമാറാൻ 700 രൂപയാണ് ഇരുവർക്കും വാഗ്ദാനം ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു.