അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോയി 15കാരൻ മകനും സുഹൃത്തുക്കളും; ഒടുവിൽ

അമ്മയുടെ കാമുകനെ ബൈക്കിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 15കാരനും സുഹൃത്തും പൊലീസ് പിടിയിൽ. നാഗ്പൂരിൽ നിന്നാണ് വിചിത്രമായ ഈ വാർത്ത. പ്രായപൂർത്തിയാകാത്ത കുട്ടികളാണ് പിടിയിലാകുന്നത്. അമ്മയും മറ്റൊരു യുവാവും തമ്മിലുള്ള ബന്ധം വീട്ടിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് 15കാരൻ മകൻ 2 സുഹൃത്തുക്കളെയും ഒപ്പം കൂട്ടി പ്രദീപ് നന്ദന്‍വാര്‍ എന്ന യുവാവിനെ ജോലിസ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. 

ജഗ്നാഥ് ബുദ്വാരിയിലെ പ്രദീപിന്റെ ജോലിസ്ഥലത്തെത്തിയ സംഘം യുവാവിനെ ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോയി. എന്നാൽ വഴിയിൽ പൊലീസ് പരിശോധന കണ്ടതോടെ സംഘം ഒന്നു ഭയന്നു. ഈ സമയം യുവാവ് ബൈക്കിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ സംഘവും അവിടെ നിന്ന് മുങ്ങി. യുവാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. കുട്ടികൾ‌ക്ക് ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലെങ്കിലും പരാതിൽ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.