കോഴിക്കോട്ടെ ഇരുപതിലധികം കവർച്ചകൾക്ക് തുമ്പായി; നാലുപേര്‍ പിടിയിൽ

ഇരുപതിലധികം കവര്‍ച്ചാക്കേസുകളില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെ നാലുപേര്‍ പിടിയില്‍. കോഴിക്കോട് നഗരത്തിന്റെ വിവിധയിടങ്ങളില്‍ സംഘം ബൈക്കും ഓണ്‍ലൈന്‍ സാധനങ്ങളും കുറിയര്‍ സ്ഥാപനത്തില്‍ നിന്ന് നാല് ലക്ഷത്തിലധികം രൂപയും കവര്‍ന്നതായി തെളിഞ്ഞു. മൂന്ന് മാസത്തിലധികം നിരീക്ഷിച്ച ശേഷമാണ് ക്രൈം സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. 

ഓണ്‍ലൈന്‍ വഴിയെത്തുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രം. നഗരത്തിലെ തിരക്കേറിയ ഇടങ്ങള്‍. റയില്‍വേ സ്റ്റേഷന്‍. ബസ് സ്റ്റാന്‍ഡ് തുടങ്ങി ആള്‍ക്കൂട്ടത്തില്‍ ഒളിക്കാന്‍ കഴിയുന്നിടത്ത് ഇവരുണ്ടാകും. വഴിയന്വേഷിക്കുന്നവരായി. കടലയും സാധനങ്ങളും വില്‍ക്കുന്നവരായി. കുറ്റിച്ചിറ സ്വദേശി അറഫാന്‍, മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍ എന്നിവര്‍ക്കൊപ്പം നടുവട്ടം, മുഖദാര്‍ സ്വദേശികളായ രണ്ട് കുട്ടിക്കള്ളന്‍മാരുമാണ് പിടിയിലായത്. ആറ് പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ ഇരുപതിലധികം കേസുണ്ട്. ബൈക്കിന്റെ നമ്പര്‍ ഇളക്കി മാറ്റി സ്വന്തമെന്ന മട്ടില്‍ ഉപയോഗിക്കും. 

പിന്നീട് ചെറിയ തുകയ്ക്ക് സുഹൃത്തുക്കള്‍ക്ക് വില്‍പന നടത്തും. ഓണ്‍ലൈന്‍ സാധനങ്ങളും പോക്കറ്റടിക്കുന്ന പണവും സ്വന്തം ഉപയോഗത്തിനെടുക്കും. കുട്ടിക്കള്ളന്‍മാരെ പിടികൂടാന്‍ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ക്രൈം സ്ക്വാഡിന് രൂപം നല്‍കിയിരുന്നു. കവര്‍ച്ചയുണ്ടായ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് നാലുപേരെയും തിരിച്ചറിഞ്ഞത്. ഇവരുടെ നീക്കം തുടര്‍ച്ചയായി നിരീക്ഷിച്ച് കൃത്യമായ തുമ്പുണ്ടാക്കി. സംഘത്തിലെ പ്രധാനിയെന്ന് മനസിലാക്കി അറഫാനെ ആദ്യം കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍ മറ്റുള്ളവരുടെ പങ്ക് വ്യക്തമായി. പിന്നാലെ അജ്മല്‍ ബിലാലും പിടിയിലായി. രണ്ട് കുട്ടിക്കള്ളന്‍മാരെയും രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വിളിച്ച് വരുത്തുകയായിരുന്നു. പ്രായം തികയാത്തതിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടാമെന്ന് വിശ്വസിപ്പിച്ചാണ് അറഫാന്‍ ചെറുപ്രായക്കാരെ കവര്‍ച്ചയ്ക്കായി കൂടെക്കൂട്ടിയിരുന്നത്. ഇഷ്ടഭക്ഷണവും വേണ്ടത്ര ലഹരിയുമാണ് കൂലിയെന്ന മട്ടില്‍ നല്‍കിയിരുന്നത്. 

പന്നിയങ്കര സ്റ്റേഷന്‍ പരിധിയിലെ നാല് ഓണ്‍ലൈന്‍ സാധനം സൂക്ഷിക്കുന്ന കേന്ദ്രങ്ങളില്‍ കവര്‍ച്ച നടത്തി. കസബ സ്റ്റേഷന്‍ പരിധിയില്‍ കുറിയര്‍ സ്ഥാപനത്തില്‍ നിന്ന് നാല് ലക്ഷം രൂപയും രണ്ട് ബൈക്കുകളും കവര്‍ന്നു. ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് ബൈക്കുകള്‍. ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ കുറിയര്‍ സ്ഥാപനം. മെഡിക്കല്‍ കോളജ് പരിസരത്ത് നിന്ന് നിരവധി ബൈക്കുകളും സംഘം കവര്‍ന്നതായി തെളിഞ്ഞിട്ടുണ്ട്.