തലസ്ഥാനത്ത് വൻ ലഹരിമരുന്നു വേട്ട; നൂറ് കിലോ കഞ്ചാവ് പിടികൂടി

തലസ്ഥാനത്ത് വൻ ലഹരിമരുന്നു വേട്ട. നൂറുകിലോ കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടികൂടി. പെരുമ്പാവൂർ സ്വദേശികളായ എൽദോ എബ്രഹാം, സെബിൻ എന്നിവരെ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു

നാഷണൽ പെർമിറ്റ് ലോറിയിലെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച കഞ്ചാവും, ഹാഷിഷ് ഓയിലും പോത്തൻകോടിനു സമീപത്തു വെച്ചാണ് എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. അന്തരാഷ്ട്ര വിപണിയിൽ കഞ്ചാവിനു അൻപതു ലക്ഷം രൂപയും ഹാഷിഷ് ഓയിലിനു ഒരു കോടി രൂപയും വിലയുണ്ടാകുമെന്ന് എക്സൈസ് പറയുന്നു. ലോക്ക് ഡൗൺ കാലത്തു മാത്രം എക്സൈസ് ഇതുവരെ പിടികൂടിയത് 220 കിലോ കഞ്ചാവാണ്. ലഹരിമരുന്നിന്റെ ഉപയോഗം വൻതോതിൽ കൂടുന്നെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക എൻഫോഴ്സ്മെന്റ് വിഭാഗം രൂപീകരിച്ചത്

പിടിയിലായ പെരുമ്പാവൂർ സ്വദേശികളായ എൽദോ എബ്രഹാം, സെബിൻ എന്നിവർക്ക് മറ്റു കഞ്ചാവ് ലോബികളുമായുള്ള ബന്ധവും എക്സൈസ് അന്വേഷിക്കുന്നുണ്ട്.ഇവരുടെ ഇടപാടുകാരെ കുറിച്ചും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവരേയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കുമെന്നും എക്സൈസ് അറിയിച്ചു