ഐശ്വര്യം വരാന്‍ വീട്ടിൽ ക‍ഞ്ചാവ് ചെടി നട്ടു; ഗായകന്‍ അറസ്റ്റിൽ

മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് ഐശ്വര്യം വരാന്‍ വീട്ടുവളപ്പില്‍ ക‍ഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗായകന്‍ അറസ്റ്റില്‍. അഗളി സ്വദേശിയും തമിഴ് പിന്നണി ഗായകനുമായ രാധാകൃഷ്ണനെയാണ് പാലക്കാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. അട്ടപ്പാടിയിലെ വീടിന് പിന്നിലായി ഗ്രോബാഗില്‍ തഴച്ചുവളരുകയായിരുന്ന ഇരുപത് കഞ്ചാവ് ചെടികളും കണ്ടെടുത്തു. 

മൂന്ന് തമിഴ്സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്. നന്നായി കവിതയെഴുതും ഈണത്തില്‍ ചൊല്ലും. മികവുള്ള കലാകാരനാണെങ്കിലും രാധാകൃഷ്ണന്റെ വ്യക്തി ജീവിതത്തില്‍ അടുത്തിടെ അല്‍പ്പം അസ്വാരസ്യമുണ്ടായി. ഇതിന് പരിഹാരമായാണ് തമിഴ്നാട്ടിലെ സിദ്ധന്‍ കഞ്ചാവ് ചെടി വളര്‍ത്താന്‍ ഉപദേശിച്ചത്. ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് പ്രശ്നപരിഹാരമുണ്ടാകുന്നതിനൊപ്പം ഐശ്വര്യം നാള്‍ക്കുനാള്‍ കൂടുമെന്നും വിശ്വസിപ്പിച്ചു. ഉപദേശം അതേമട്ടില്‍ ഏറ്റെടുത്ത രാധാകൃഷ്ണന്‍ പച്ചക്കറിക്ക് പകരം ഗ്രോബാഗില്‍ കഞ്ചാവ് വിത്ത് പാകി. വളക്കൂറുള്ള മണ്ണില്‍ മുളപൊട്ടിയതോടെ ചെടികള്‍ വേരുറപ്പിച്ച് നന്നായി തഴച്ചു വളര്‍ന്നു. ഐശ്യര്യം തിരികെക്കിട്ടുന്നതിന്റെ ചില ലക്ഷണങ്ങളൊക്കെ ജീവിതത്തിലുണ്ടായി. എന്നാല്‍ ഇത് അത്ര കണ്ട് ഇഷ്ടപ്പെടാത്ത ആരോ ഒരാള്‍ വിവരം എക്സൈസിന് ചോര്‍ത്തി. 

പതിനേഴ് ഗ്രോബാഗുകളിലായി ഇരുപതിലധികം കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. നൂറ്റി മുപ്പത്തി നാല് സെന്റീമീറ്റര്‍ വരെ ചെടിക്ക് ഉയരം. മൂന്ന് മാസം പ്രായമുള്ള െചടികള്‍ അധികം വൈകാതെ പൂത്ത് പാകമാകുന്ന സ്ഥിതിയെത്തിയേനെ. വീടിന് പിന്നിലായി വളര്‍ത്തിയിരുന്ന ചെടികള്‍ക്ക് കൃത്യമായ പരിചരണം ഉറപ്പാക്കാന്‍ രാധാകൃഷ്ണന്‍ മറന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഐശ്വര്യം തിരികെ വരുന്നതിന് താല്‍ക്കാലിക അവധി നല്‍കി രാധാകൃഷ്ണന്‍ അഴിക്കുള്ളിലായി.