രഹസ്യ വിവരം; കഴക്കൂട്ടത്ത് 120 കിലോ കഞ്ചാവ് വേട്ട; വിപണിവില 50 ലക്ഷത്തോളം

തിരുവനന്തപുരം കഴക്കൂട്ടത്ത് വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 120 കിലോയോളം കഞ്ചാവ് പൊലീസ് പിടികൂടി. ആന്ധ്രയില്‍ നിന്ന് വാങ്ങിയ കഞ്ചാവാണ് വ്യാജ റജിസ്ട്രേഷന്‍ നമ്പര്‍ ഘടിപ്പിച്ച വാഹനങ്ങളിലൂടെ കടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

സമീപമാസങ്ങളില്‍ തിരുവനന്തപുരത്തുണ്ടാകുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴക്കൂട്ടത്തേത്. 50 ലക്ഷത്തോളം വിലമതിക്കുന്ന 125 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ രണ്ട് കിലോ വീതമുള്ള പാക്കറ്റുകളായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് തിരുവനന്തപുരത്തേക്ക് കടത്തുന്നതായി സിറ്റി നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസിലെ ഡാന്‍സാഫ് സംഘം അന്വേഷണം തുടങ്ങിയത്. കഞ്ചാവുമായി വരുന്ന വാഹനത്തേക്കുറിച്ച് കൃത്യ വിവരം ലഭിച്ച സംഘം തമിഴ്നാട്ടിലെ മധുര മുതല്‍ വാഹനത്തെ പിന്തുടര്‍ന്ന് നിരീക്ഷിച്ചു. ഇന്ന് ഉച്ചയോടെ കഴക്കൂട്ടത്തെത്തിയപ്പോള്‍ വാഹനം തടഞ്ഞ് നിര്‍ത്തി പിടികൂടുകയായിരുന്നു. തിരുവനന്തപുരം രാജാജി നഗര്‍ സ്വദേശി സുഭാഷ്, മലയിന്‍കീഴ് സ്വദേശി സജീവ്,പള്ളിച്ചല്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. മൂവരെയും അറസ്റ്റ് ചെയ്തു. ഇതില്‍ സജീവ് കരമന കിള്ളിപ്പാലത്തെ ലോഡ്ജില്‍ ഒരു വര്‍ഷം മുന്‍പ് നടന്ന കൊലക്കേസിലെ നാലാം പ്രതിയാണ്. ഉണ്ണികൃഷ്ണന് ലഹരി കടത്തിന് വേറെയും കേസുകളുണ്ട്. ആന്ധ്രയില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് വ്യാജ റജിസ്ട്രേഷന്‍ നമ്പരുള്ള വാഹനങ്ങളുപയോഗിച്ചാണ് ഇവര്‍ കേരളത്തിലെത്തിച്ചിരുന്നത്. കഞ്ചാവ് പിടികൂടിയ വാഹനത്തില്‍ നിന്ന് നാല് വ്യാജ നമ്പര്‍ പ്ളേറ്റുകളും കണ്ടെടുത്തു. കഴക്കൂട്ടം പൊലീസ് തുടര്‍ അന്വേഷണം തുടങ്ങി