വിദ്യാര്‍ഥികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും കഞ്ചാവ് എത്തിക്കും; യുവാവ് അറസ്റ്റിൽ

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും പതിവായി കഞ്ചാവ് കൈമാറിയിരുന്ന യുവാവ് പാലക്കാട് അറസ്റ്റില്‍. മുണ്ടൂര്‍ സ്വദേശി ഷാനുവിനെയാണ് ഒന്നരക്കിലോ കഞ്ചാവുമായി സൗത്ത് പൊലീസ് പിടികൂടിയത്. ഇടപാടുകാര്‍ക്ക് കൈമാറാനുള്ള പൊതിയുമായി കാത്തിരിക്കുമ്പോഴാണ് കുടുങ്ങിയത്. അതിഥി തൊഴിലാളികൾ, സ്കൂൾ, കോളജ് വിദ്യാർഥികൾ എന്നിവർക്കിടയിൽ പതിവായി ക‌ഞ്ചാവ് ചില്ലറ വില്‍പന നടത്തുന്നയാളാണ് ഷാനു. ഫോണില്‍ വിളിച്ച് ഇടപാടുറപ്പിച്ച ശേഷം തിരക്കേറിയ ഇടങ്ങളില്‍ വെച്ച് കൈമാറുന്നതായിരുന്നു പതിവ്.

ഫോണില്‍ വിളിക്കുന്നവരോട് രഹസ്യ കോഡ് കൈമാറിയാണ് സാധനത്തിന്റെ അളവും വില്‍പനയ്ക്കുള്ള സ്ഥലവും നിശ്ചയിക്കുന്നത്.ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളായിരുന്നു പതിവ് കഞ്ചാവ് കൈമാറ്റ ഇടങ്ങള്‍. ഷാനു ഏറെ നാളായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഫോണ്‍ വിവരങ്ങള്‍ പിന്തുടര്‍ന്ന് ഇയാള്‍ പതിവായി കഞ്ചാവ് കൈമാറിയിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൊത്തവില്‍പനക്കാരെയും കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഷാനുവിനെ പാലക്കാട് കോടതി റിമാന്‍ഡ് ചെയ്തു.