യുവാവിനെ തട്ടിക്കൊണ്ടു പോയി പത്ത് ലക്ഷം രൂപ കവര്‍ന്നു; അറസ്റ്റ്

kuttyadi-kidnap
SHARE

കോഴിക്കോട് കുറ്റ്യാടി വേളത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘം പൊലീസ് പിടിയില്‍. സംഘത്തിലെ അഞ്ച് പേരും കസ്റ്റഡിയിലായി. കഴിഞ്ഞ ഫെബ്രുവരി 29നാണ് കുറ്റ്യാടി വേളത്ത് സ്വദേശിയായ റാഷിഖിനെ തട്ടിക്കോണ്ടുപോയി പത്ത് ലക്ഷം രൂപ അപഹരിച്ചത്.

രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്. കുറിച്ചകം സ്വദേശി സതീശൻ, കുറ്റ്യാടി സ്വദേശികളായ പി.സി. അനീഷ്, എം. നിഖിലേഷ് , കണ്ണൂർ കൂത്തുപറമ്പ് പൊന്ന്യം സ്വദേശി പ്രസാദ് മണി, തലശ്ശേരി പാലയാട് സ്വദേശി ടി.എൻ. രജീഷ് എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 29ന് സഹോദരന്‍റെ വീടു പണിക്കായി വായ്‌പ വാങ്ങിയ പത്ത് ലക്ഷം രൂപയുമായി സ്കൂട്ടറിൽ വരുമ്പോഴാണ് റാഷി ഖിനെ തട്ടിക്കൊണ്ടുപോയത് . പണം തട്ടിയശേഷം പ്രതികള്‍ റാഷി ഖിനെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. പ്രദേശത്തെ നിരീക്ഷണ ക്യാമറ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. കാറിന്റെ നമ്പർ വ്യാജമാണെന്നും മലപ്പുറത്തുള്ള പഴയ ബൈക്കിന്റെ നമ്പറാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. കുറ്റ്യാടി,തലശ്ശേരി നാദാപുരം എന്നിവിടങ്ങളിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് പൊലീസ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തത്.

പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റാഷിഖ് നേരത്തെ നാദാപുരം ഡി.വൈ.എസ്.പ‌ി. ഉൾപ്പെടെയുള്ള ഉദ്യോഗസ്‌ഥർക്ക് പരാതി നൽകിയിരുന്നു.പ്രതികളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ കവർച്ച, അടിപിടി കേസുകളും രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

The youth was kidnapped and robbed of 10 lakh rupees; arrest

MORE IN Kuttapathram
SHOW MORE