ഉന്നം ടോക്കണില്ലാത്തവർ; അനധികൃത മദ്യവിൽപ്പന നടത്തിയ ഹോട്ടല്‍ ഉടമ അറസ്റ്റിൽ

ടോക്കണ്‍ ഇല്ലാതെ നിരാശാരായി മടങ്ങുന്നവര്‍ക്കു അധികവിലയ്ക്കു മദ്യം വിറ്റ ഹോട്ടല്‍ ഉടമ കൊരട്ടിയില്‍ അറസ്റ്റില്‍. മദ്യശാലയോട് ചേര്‍ന്നു ഹോട്ടല്‍ നടത്തുന്ന ആളാണ് മദ്യവില്‍ക്കുന്നതിനിടെ പിടിയിലായത്. 

ടോക്കണ്‍ ഇല്ലാത്തവരാണ് ഉന്നം. മദ്യശാലയില്‍ ടോക്കണ്‍ ഇല്ലാതെ മദ്യം വാങ്ങുന്നവരെ വിളിക്കും. അധിക വിലയ്ക്കു മദ്യം കിട്ടാനുണ്ടെന്ന് ബോധ്യപ്പെടുത്തും. അത്യാവശ്യക്കാര്‍ പറഞ്ഞ കാശിനു മദ്യം വാങ്ങി സ്ഥലംവിടും. മദ്യശാലയുടെ സമീപം ഹോട്ടല്‍ നടത്തുന്ന ചാലിപറമ്പന്‍ സുരേന്ദ്രനാണ് കൊരട്ടി പൊലീസിന്റെ പിടിയിലായത്. പതിമൂന്നു ലിറ്റര്‍ വിദേശമദ്യവും മുപ്പത്തിമൂവായിരം രൂപയും കണ്ടെടുത്തു.

ഇരട്ടി വിലയ്ക്കാണ് മദ്യം വിറ്റിരുന്നത്. സമാന്തര ബവ്റിജസ് ഔട്ട്്ലെറ്റ് പോലെയായിരുന്നു പ്രവര്‍ത്തനം. വയോധികരാണ് ആവശ്യക്കാരില്‍ ഭൂരിഭാഗവും. ഹോട്ടല്‍ ആയതിനാല്‍ ആരും അധികം സംശയിച്ചില്ല. പക്ഷേ, അധിക വിലയ്ക്കു മദ്യം വാങ്ങിയ ആരോ കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ.അരുണിനെ വിളിച്ച് കാര്യം പറഞ്ഞതാണ് വഴിത്തിരിവായത്.

ബവ്റിജസ് ഔട്ട്്ലെറ്റില്‍ നിന്നാണ് മദ്യം വാങ്ങി സൂക്ഷിച്ചിരുന്നത്. പലരുടേയും പേരില്‍ ടോക്കണ്‍ ബുക് ചെയ്യും. മദ്യശാലകള്‍ അടച്ചിടാറുള്ള ദിവസങ്ങളിലാണ് കച്ചവടം കൂടുതല്‍. അന്ന്, ഇരട്ടിയേക്കാള്‍ വില ഈടാക്കുകയാണ് പതിവ്.