മൂവാറ്റുപുഴ രണ്ടാം ദിവസവും വ്യാജമദ്യ വേട്ട; ആറുപേർ അറസ്റ്റിൽ

മൂവാറ്റുപുഴ ടൗണില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പൊലീസിന്‍റെ വ്യാജമദ്യ വേട്ട. മുപ്പത് ലീറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പൊലീസ് പരിശോധനയില്‍ പിടിച്ചെടുത്തു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായ സാഹചര്യത്തിലാണ് വ്യാജവാറ്റുകാര്‍ സജീവമായത്. 

മൂവാറ്റുപുഴ കടാതിയില്‍ എല്‍ഐസി ഓഫീസിന് എതിര്‍വശത്തുള്ള കെട്ടിടത്തിന്‍റെ നാലാം നിലയിലായിരുന്നു വ്യാജവാറ്റ്. രഹസ്യവിവരത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. വ്യാജവാറ്റ് സംഘത്തിലുണ്ടായിരുന്ന ആറുപേരെയും പൊലീസ ്കസ്റ്റഡിയിലെടുത്തു. ഈ കെട്ടിടത്തില്‍ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയുടെ നേതൃത്വത്തിലായിരുന്നു വ്യാജവാറ്റ് നടത്തിയത്. നെല്ലിക്കുഴി പീഡനക്കേസിലും വിവിധ കഞ്ചാവു കേസുകളിലും പ്രതികളാണ് ഇപ്പോള്‍ അറസ്റ്റിലായവര്‍. 

പ്രതികളുടെ മൂന്ന് ഇരുചക്രവാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ റാക്കാട് നിന്ന് 60 ലീറ്റര്‍ വാഷ് പിടികൂടിയിരുന്നു.