കൂടത്തായി കൂട്ടക്കൊലക്കേസ്: മുഴുവന്‍ രേഖകളും കോടതിയിലെത്തിച്ചു

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസിന്റെ മുഴുവന്‍ രേഖകളും ജില്ലാ സെഷന്‍സ് കോടതിയിലെത്തിച്ചു. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സൂക്ഷിച്ചിരുന്ന കുറ്റപത്രവും തൊണ്ടിമുതലുകളുമാണ് കോഴിക്കോട് കോടതിയിലെത്തിച്ചത്. അവധി കഴിഞ്ഞാലുടന്‍ വിചാരണ നടപടികള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.  

ഒന്നിലൊഴികെ മറ്റ് അഞ്ച് കേസുകളിലും കുറ്റപത്രം പൂര്‍ണമാണ്. റോയ് തോമസ് വധത്തില്‍ ജോളി തയാറാക്കിയ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറിെയ പ്രതി ചേര്‍ക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. അങ്ങനെയെങ്കില്‍ ഒരു കേസില്‍ മാത്രം അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കേണ്ടി വരും. ഈ നടപടിക്രമം വിചാരണ തുടങ്ങുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘം പറയുന്നത്. ജില്ലാ സെഷന്‍സ് കോടതിയിലേക്ക് പുതിയ ജഡ്ജി നിയമനം വന്നതോടെ ആറ് കേസുകളും സെഷന്‍സ് കോടതിയായിരിക്കും പരിഗണിക്കുക. പ്രതികളായ ജോളി, എം.എസ്.മാത്യു, പ്രജികുമാര്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ പൂര്‍ണമായും െസഷന്‍സ് കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ വേഗത്തില്‍ വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിലയിരുത്തല്‍. 

താമരശ്ശേരി കോടതിയിലുണ്ടായിരുന്ന കേസിന്റെ മുഴുവന്‍ വിവരങ്ങള്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് എത്തിച്ചിട്ടുണ്ട്. ഇത് വൈകാതെ പരിശോധിച്ച് അവലോകനം ചെയ്യും. വേഗത്തില്‍ വിചാരണ നടപടികള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍ 

കോടതി അവധി കഴിഞ്ഞാലുടന്‍ കേസ് പ്രഥമ പരിഗണന നല്‍കി പരിഗണിക്കാനുള്ള സാാധ്യതയാണ് നിലനില്‍ക്കുന്നത്. ഇതിന് മുന്നോടിയായി അന്വേഷണസംഘവും സ്പെഷല്‍ പ്രോസിക്യൂട്ടറും വീണ്ടും ചര്‍ച്ച നടത്തും. കുറ്റപത്രം സമര്‍പ്പിച്ച രീതിയില്‍ തന്നെയാകും ആറ് കേസുകളുടെയും വിചാരണ നടപടികളും തുടങ്ങുക.