20 ദിവസം; ഭര്‍ത്താവിനെയും 4 ബന്ധുക്കളെയും 'താലിയം' കൊടുത്ത് കൊന്ന് യുവതി; കൂടത്തായി മോഡല്‍!

പ്രതീകാത്മക ചിത്രം, ഗൂഗിള്‍

കൂടത്തായി മോഡല്‍ കൊലപാതകം മഹാരാഷ്ട്രയിലും. മഹാരാഷ്ട്രയിലെ ഗച്ചിറോളി ജില്ലയിലാണ് യുവതി ഭര്‍ത്താവിനെയും നാല് ബന്ധുക്കളെയും കൊടുംവിഷമായ താലിയം ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ സംഘമിത്രയെന്ന 22കാരിയും സഹായം ചെയ്തു നല്‍കിയ റോസയെന്ന യുവതിയും അറസ്റ്റിലായി. ഭക്ഷണത്തിലും വെള്ളത്തിലുമായാണ് യുവതി താലിയം കലര്‍ത്തിയത്. കുടുംബത്തിലെ മറ്റ് രണ്ടുപേരും ഡ്രൈവറും സമാന ലക്ഷണങ്ങളോടെ ആശുപത്രിയിലാവുകയും ചെയ്തിരുന്നു. ഭക്ഷണവിഷ ബാധയെ തുടര്‍ന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഒരു മാസത്തിനുള്ളില്‍ കുടുംബത്തിലെ അഞ്ചുപേര്‍ കൊലപ്പെട്ടത് നാട്ടുകാരിലും ബന്ധുക്കളിലും വലിയ ദുരൂഹതയാണ് ജനിപ്പിച്ചത്. 

കൃഷി ശാസ്ത്രജ്ഞയാണ് സംഘമിത്രയെന്ന് പൊലീസ് പറയുന്നു. അയല്‍സംസ്ഥാനമായ തെലങ്കാനയില്‍ നിന്നുമാണ് യുവതി താലിയം വാങ്ങിയതെന്നും തുടര്‍ന്ന് ഇന്‍റര്‍നെറ്റിന്‍റെ സഹായത്തോടെ താലിയം ഉപയോഗിച്ച് കൊലപ്പെടുത്തുന്നതെങ്ങനെയെന്ന് പഠിച്ചു. തുടര്‍ന്ന് കുടുംബത്തോട് വൈരാഗ്യമുള്ള റോസയെയും കൂട്ടുപിടിച്ചു. ഗാര്‍ഹിക പീഡനവും സ്വത്ത് തര്‍ക്കവും അസഹനീയമായതോടെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സംഘമിത്രയുടെ മൊഴി. 

സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ പതിനഞ്ചുവരെയുള്ള 20 ദിവസത്തിന്‍റെ ഇടവേളയിലായിരുന്നു അതീവ വിദ്ഗധമായി ആസൂത്രണം ചെയ്യപ്പെട്ട കൊലപാതക പരമ്പര നടന്നത്. കടുത്ത നടുവ് വേദനയും നാക്കില്‍ തടിപ്പും ചുണ്ടുകള്‍ കറുക്കുകയും തലവേദനയും സംസാരിക്കാനുമുള്ള ബുദ്ധിമുട്ടുകളാണ് മരിച്ചവര്‍ക്കെല്ലാം ഒരുപോലെ അനുഭവപ്പെട്ടത്. സെപ്റ്റംബര്‍ 20ന് ശങ്കര്‍ കുംഭാരെയ്ക്കും ഭാര്യ വിജയയ്ക്കുമാണ് ആദ്യം അസ്വസ്ഥതകള്‍ ഉണ്ടായത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഈ വേര്‍പാടില്‍ കുടുംബാംഗങ്ങള്‍ ഇരുന്ന സമയത്ത് തന്നെ ശങ്കറിന്റെ മകന്‍ റോഷനും പെണ്‍മക്കളായ കോമളും ആനന്ദയും അതേ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. വൈകാതെ ഇവരും മരിച്ചു. മാതാപിതാക്കളുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാനെത്തിയ മകന്‍ സാഗറും കുടുംബ ഡ്രൈവറും വിഷബാധയേറ്റ് ആശുപത്രിയിലാവുകയും ചെയ്തിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായി അന്വേഷിച്ചതോടെയാണ് ആസൂത്രിത കൊലപാതകം പുറത്തുവന്നത്. 

രുചിയും മണവുമില്ലാത്ത താലിയം കൊടുംവിഷമാണ്. എലിവിഷത്തിലും ഉറുമ്പിനെ കൊല്ലാനും നേരിയ അളവില്‍ താലിയം മുന്‍പ് ഉപയോഗിച്ചിരുന്നു. ഭക്ഷണത്തില്‍ കലര്‍ന്ന് ഉള്ളിലെത്തിയാല്‍ വളരെ സാവധാനത്തിലാകും താലിയം പ്രവര്‍ത്തിക്കുക. ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്യും. 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.