കമ്മീഷണർ ഓഫീസിന് സമീപം മോഷണം; സിസിടിവിയുടെ ഡിവിആറും പോയി

കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിന് തൊട്ടടുത്തുള്ള മൂന്നു സ്ഥാപനങ്ങളില്‍ മോഷണം.ഗ്രാഫിക് സെന്‍ററിലും സ്റ്റുഡിയോയിലും മോഷണം നടത്തിയ കള്ളന്‍ സ്വന്തം ദൃശ്യങ്ങള്‍ പതിഞ്ഞ സിസിടിവിയുടെ ഡിവിആറുമായി സ്ഥലം വിട്ടു. ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. 

കമ്മിഷണർ ഓഫിസിന് വിളിപ്പാട് അകലെയുള്ള മൂന്നു സ്വകാര്യ സ്ഥാപനങ്ങളിലാണ് കള്ളന്‍ കയറിയത്. എക്സൽ ഗ്രാഫിക്സ് സെന്ററിന്റെ ഓഫിസിൽ സൂക്ഷിച്ചിരുന്ന 45,000 രൂപയും സിസിടിവിയുടെ റിക്കോഡറും കവര്‍ന്നു. മറ്റു രണ്ടു സ്ഥാപനങ്ങളില്‍ മോഷണ ശ്രമവും നടന്നു.

ഡോഗ് സ്ക്വാഡും വിരലടയാള വിദ്ഗദരും പരിശോധന നടത്തി. പൊലീസ് നായ മണം പിടിച്ചു സ്ഥാപനങ്ങളുടെ സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ മുറ്റം വരെ എത്തി തിരികെ പോയി. പണം മാത്രം ലക്ഷ്യം വച്ചാണു മോഷണം നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം. കാരണം ഗ്രാഫിക്സ് സെന്ററിലും സ്റ്റുഡിയോയിലും ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നിട്ടും ഇവയൊന്നും അപഹരിച്ചിട്ടില്ല. 

ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളതുകൊണ്ടാണ് സിസിടിവിയുടെ ഡിവിആര്‍ എടുത്തത്. കടപ്പാക്കാടയില്‍ മുന്‍പ് സമാനമായ രീതിയില്‍ മോഷണം നടത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.