മുക്കുപണ്ടം പണയംവെച്ച് അരക്കോടി തട്ടി; കെഎസ്എഫ്ഇ ജീവനക്കാരന്‍ പിടിയിൽ

കൊല്ലം കരുനാഗപ്പള്ളി കെ.എസ്.എഫ്.ഇ ശാഖയിലെ സ്വര്‍ണ വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന താല്‍കാലിക ജീവനക്കാരന്‍ ബിജുകുമാറിനെ ഗുരുവായൂരില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുക്കുപണ്ടം പണയംവെച്ച് കരുനാഗപ്പള്ളി കെ.എസ്.എഫ്.ഇ ശാഖയില്‍ നിന്നു അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പത്തുവര്‍ഷത്തോളമായി കരാര്‍ ജീവനക്കാരനായ തേവലക്കര സ്വദേശി ബിജുകുമാറാണ് പിടിയിലായത്. തട്ടിപ്പ് കണ്ടുപിടിച്ചതിന് പിന്നാലെ ഒളിവില്‍ പോയ ബിജുകുമാറിനെ ഗുരുവായൂരില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം അവസാനം നടത്തിയ ഓഡിറ്റ് പരിശോധനയിലാണ് തട്ടിപ്പ് സംബന്ധിച്ച സംശയമുയര്‍ന്നത്. 

തുടർന്ന് പണയ ഉരുപ്പടികള്‍ ബ്രാഞ്ച് മാനേജര്‍ മറ്റൊരുടിത്ത് എത്തിച്ച് പരിശോധിപ്പിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് വ്യക്തമായി. ബ്രാഞ്ച് മാനേജരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് 2018 മുതല്‍ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തി. ഈ വായ്പ്പകളില്‍ ഭൂരിഭാഗവും മൈനാഗപ്പള്ളി സ്വദേശികളായ ദമ്പതികളുടെ പേരിലുള്ളതാണ്. ശാഖയിലെ ജീവനക്കാരുള്‍പ്പടെയുള്ളവര്‍ നിരീക്ഷണത്തിലാെണന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.