കാല്‍ലക്ഷം രൂപ ഫീസ്; അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാര്‍ഥികളെ കബളിപ്പിച്ചു

തിരുവനന്തപുരം പോത്തന്‍കോട്ടെ കംപ്യൂട്ടര്‍ പഠന കേന്ദ്രം അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി വിദ്യാര്‍ഥികളെ കബളിപ്പിച്ചതായി പരാതി. കാല്‍ലക്ഷം രൂപ വരെ വിദ്യാര്‍ഥികളില്‍ നിന്ന് ഫീസീടാക്കിയ ശേഷമായിരുന്നു കബളിപ്പിക്കലെന്നും ആരോപിച്ച് ഇരുപതിലേറെ വിദ്യാര്‍ഥികള്‍ പരാതി നല്‍കി. 

ഒന്നര പതിറ്റാണ്ടിലേറെയായി പോത്തന്‍കോട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വെബ് സോണ്‍ കംപ്യൂട്ടേഴ്സ്. കംപ്യൂട്ടറിന്റെ വില്‍പ്പനയ്ക്കും സര്‍വീസിങ്ങിനുമൊപ്പം കംപ്യൂട്ടര്‍ പഠനകേന്ദ്രമെന്നുമാണ് ഉടമകള്‍ വിശേഷിപ്പിക്കുന്നത്. പലതരം കംപ്യൂട്ടര്‍ കോഴ്സുകള്‍ ഇവിടെ പഠിപ്പിക്കുന്നുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഡി.റ്റി.പിക്ക് അപ്പുറം മറ്റൊന്നും പഠിപ്പിക്കാന്‍ ഈ സ്ഥാപനത്തിന് അധികാരമോ അംഗീകാരമോ ഇല്ലെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.

കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം നല്‍കിയ സര്‍ട്ടിഫിക്കറ്റുമായി ജോലിക്കും ഉപരിപഠനത്തിനുമൊക്കെ അപേക്ഷിച്ച് തുടങ്ങിയപ്പോഴാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് വിദ്യാര്‍ഥികള്‍ക്ക് മനസിലായത്. 18 വിദ്യാര്‍ഥികള്‍ ഒന്നിച്ചാണ് പോത്തന്‍കോട് പൊലീസില്‍ ആദ്യ പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ സ്ഥാപന ഉടമ പ്രവീണ്‍ ഓഫീസില്‍ നിന്ന് രേഖകളെല്ലാം മാറ്റി സ്ഥാപനവും അടച്ച് മുങ്ങിയിരിക്കുകയാണ്. നാലായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപ വരെ ഫീസ് വാങ്ങിയാണ് പറ്റിച്ചതെന്നാണ് പരാതി.

Complaint that the computer study center has cheated the students by conducting an unauthorized course and giving them a fake certificate