പൂജയ്ക്കെന്ന് പറഞ്ഞ് 4 ലക്ഷം തട്ടി; മന്ത്രവാദി പിടിയിൽ; കായണ്ണയിൽ മാർച്ചുമായി ഡി.വൈ.എഫ്.ഐ

പത്തനംതിട്ട കോന്നിയില്‍ അര്‍ബുദരോഗിയില്‍നിന്ന് പൂജയ്ക്കെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയ മന്ത്രവാദി അറസ്റ്റില്‍. ഒട്ടേറെ സ്ത്രീകളില്‍നിന്ന് ഇയാള്‍ പണംതട്ടിയതായാണ് വിവരം. കോഴിക്കോട് പേരാമ്പ്ര കായണ്ണയിലെ വിവാദ ആള്‍ദൈവത്തിന്റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് സംഘടിപ്പിച്ചു. എറണാകുളം ചോറ്റാനിക്കരയിലെ ചികില്‍സാ കേന്ദ്രത്തില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

അര്‍ബുദരോഗിയില്‍നിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്ത കോന്നി ഐരവണ്‍ മാടത്തേത്ത് വീട്ടില്‍ ബാലനാണ് പിടിയിലായത്. ഭര്‍ത്താവിന് വേറെ ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ സ്ത്രീകളെ വശത്താക്കിയിരുന്നത്. ഭർത്താവിനെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി സ്ത്രീകൾ സ്വർണാഭരണങ്ങൾ അടക്കം പണയം വെച്ചാണ് മന്ത്രവാദിക്ക് പണം നൽകിയിരുന്നത്. കുടുംബശ്രീ പ്രവർത്തകരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. 

പേരാമ്പ്ര കായണ്ണയിലെ ആള്‍ദൈവം ചാരുപറമ്പിൽ രവിയുടെ വീടും ക്ഷേത്രവും സ്ഥിതി ചെയ്യുന്നിടത്തേക്കായിരുന്നു ഡി.വൈ.എഫ്.ഐ പ്രതിഷേധം. കൂടുതൽ സംഘടനകൾ വരും ദിവസങ്ങളിൽ പ്രതിഷേധിക്കും. അതേസമയം, സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇയാളെന്ന് സൂചനയുണ്ട്. ചോറ്റാനിക്കര തലക്കോടുള്ള ശ്രീമുരുഖേശ്വരം ചികിൽസ കേന്ദ്രത്തിലേക്കായിരുന്നു സി.പി.ഐയുടെ മാര്‍ച്ച്. നടത്തിപ്പുകാരനായ ജയാനന്ദ ശിവസുബ്രഹ്മണ്യൻ വ്യാജ ചികിൽസയും പൂജകളും നടത്തി ജനങ്ങളെ കബിളിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പരാതി ലഭിച്ചാൽ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Man arrested in Konni for money fraud case