മാരക ശ്വാസകോശ കാന്‍സറിനെ ചെറുക്കാന്‍ മരുന്ന്; വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞര്‍; നിര്‍ണായകം

പ്രതീകാത്മക ചിത്രം (istock)

അതീവ ഗുരുതരമായ തരം ശ്വാസകോശ കാന്‍സറിന് അദ്ഭുത മരുന്ന് കണ്ടെത്തി ശാസ്ത്രലോകം. ലണ്ടനിലെ ക്വീന്‍ മേരി സര്‍വകലാശാലയിലെ ഗവേഷകരാണ് മെസോതെലിയോമ എന്ന തരം കാന്‍സറിന് മരുന്ന് കണ്ടെത്തിയത്. 'ADI-PEG20' എന്നാണ് മരുന്നിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. രക്തപ്രവാഹത്തിലെ അമിനോ ആസിഡിന്‍റെ അളവിനെ പുതിയ മരുന്ന് വിഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ട്യൂമര്‍ കോശങ്ങള്‍ക്ക് സ്വന്തമായി അര്‍ജിനൈനുകള്‍ (ഹോര്‍മോണ്‍ പുറത്തുവിടുന്ന അമിനോ ആസിഡുകള്‍) ഉല്‍പാദിപ്പിക്കാന്‍ കഴിയാതെ വരുന്നതോടെ പുതിയ കോശങ്ങളുടെ വളര്‍ച്ച നിലയ്ക്കും. ഇങ്ങനെയാണ് മരുന്ന് പ്രവര്‍ത്തിക്കുന്നെതന്നും ഇത് സന്തോഷം തരുന്ന കണ്ടെത്താലാണെന്നും ഗവേഷകര്‍ പറയുന്നു. 

പിടിപെട്ടാല്‍ രക്ഷപെടാന്‍ ശേഷി തുലോം തുച്ഛമായ തരം കാന്‍സറാണ് മെസോതെലിയോമ. ആസ്ബറ്റോസുമായി നേരിട്ടിടപഴകുന്ന ജോലി ചെയ്യുന്നവരിലാണ് ഈ കാന്‍സര്‍ കൂടുതലായും കണ്ടുവരുന്നത്.   മരുന്നെടുക്കുന്നവരില്‍ അതിജീവന സാധ്യത ഒന്നര മാസം മുതല്‍ മൂന്ന് വര്‍ഷത്തോളമായി വര്‍ധിച്ചതായും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ മരുന്ന് തടയുന്നതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ജെഎഎംഎ ഓങ്കോളജി എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലൂടെയാണ് കണ്ടെത്തല്‍ പുറത്ത് വിട്ടിരിക്കുന്നത്. 

ബ്രിട്ടനില്‍ മാത്രം പ്രതിവര്‍ഷം 2,700 പേര്‍ക്ക് മെസോതെലിയോമ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക, യു.കെ, ഓസ്ട്രേലിയ, ഇറ്റലി, തയ്​വാന്‍ എന്നിങ്ങനെ അഞ്ച് രാജ്യങ്ങളിലുള്ളവരിലാണ് 2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ശാസ്ത്രജ്ഞര്‍ പരീക്ഷണാടിസ്ഥാനത്തില്‍ മരുന്ന് നല്‍കിയത്. പ്രൊഫസര്‍ പീറ്റര്‍ സ്ലൊസറേകിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ മൂന്നാഴ്ച കൂടുമ്പോള്‍ കീമോ തെറപ്പിയെന്ന നിലയില്‍ ആറ് തവണയാണ് രോഗികളില്‍ മരുന്ന് നല്‍കിയത്. ഇവരില്‍ പകുതിപ്പേര്‍ക്ക് മരുന്ന് കുത്തിവയ്പ്പിലൂടെ നല്‍കുകയായിരുന്നു.

70 വയസിന് മേല്‍ ശരാശരി പ്രായമുള്ള 249 പേരാണ് പരീക്ഷണത്തിന്‍റെ അവസാന ഘട്ടത്തില്‍ ഉണ്ടായിരുന്നത്.  ഒരു വര്‍ഷക്കാലം പരീക്ഷണത്തിന് വിധേയരായവരെ  ഗവേഷകര്‍ നിരീക്ഷിച്ചു. പെഗര്‍ഗിമിനിസെയും കീമോതെറപ്പിയും ലഭിച്ചവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് 9.3 മാസക്കാലം അധികം ജീവിച്ചിരുന്നതായി കണ്ടെത്തി. ഇതാദ്യമായാണ് കീമോതെറപ്പിക്കൊപ്പം ഒരു മരുന്ന് കൂടി നല്‍കുന്നത് വിജയകരമാകുന്നതെന്നും 20 വര്‍ഷത്തിനിടയിലെ ആദ്യ കണ്ടുപിടിത്തമാണെന്നും ഗവേഷകര്‍ പറയുന്നു. 

Scientists develop new "Wonder" drug to treat mesothelioma