ഫലമറിയാന്‍ 8 മാസം വൈകി; കാന്‍സറിനോട് പൊരുതി കീഴടങ്ങി സാന്ദ്ര

അര്‍ബുദ ചികില്‍സയില്‍ ഏറ്റവും പ്രധാനം കൃത്യസമയത്ത് രോഗനിര്‍ണം നടത്തുകയാണ്. കാനഡയില്‍ പഠിക്കുമ്പോള്‍  ചികില്‍സ തേടിയിട്ടും ഫലമറിയാന്‍ 8 മാസം വൈകിയതോടെയാണ് തിരുവനന്തപുരം സ്വദേശിനിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ സാന്ദ്രാ സലീമിന്റെ ജീവന്‍ പൊലിഞ്ഞത്. മറ്റൊരു അമ്മയ്ക്കും തന്റെ ദുഖം ആവര്‍ത്തിക്കാതിരിക്കാന്‍ അനുഭവം പങ്കിടുകയാണ് സാന്ദ്രയുടെ അമ്മ സ്മിത സലിം. 

പൂമ്പാറ്റയേപ്പോലെ പാറിനടന്നൊരു പെണ്‍കുട്ടി, മികച്ച നര്‍ത്തകി , സിനിമാ താരങ്ങള്‍ പോലും ഫോളോ ചെയ്യുന്ന ഇന്‍സ്ററഗ്രാം ഇന്‍ഫ്ളുവന്‍സര്‍ ഇരുപത്തഞ്ച് വയസിനിടയില്‍ തന്നെ താരമായിരുന്നു സാന്ദ്രാ സലീം. ഒരുപാട് സ്വപ്നങ്ങളുമായാണ് ഇന്റര്‍നാഷണല്‍ ബിസിനസ് മാര്‍ക്കറ്റിങ് പഠിക്കാന്‍ സാന്ദ്ര  കാനഡയിലേയ്്ക്ക് പോയത്. അവിടെയായിരിക്കുമ്പോള്‍ ഒാവറിയില്‍ മുഴ കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ അര്‍ബുദ പരിശോധനാ റിപ്പോര്‍ട്ട് വരാന്‍ പിന്നെയും മാസങ്ങള്‍ വൈകി ...അതേക്കുറിച്ച് സാന്ദ്ര തന്നെ പറഞ്ഞിട്ടുണ്ട്. 

അര്‍ബുദത്തോട് ധീരമായി  പോരാടിയ സാന്ദ്ര കഴിഞ്ഞ  ജനുവരി 11 ന് വേദനകളില്ലാത്ത ലോകത്തേയ്ക്ക് മടങ്ങി. തിരുവനന്തപുരത്തെ വീട്ടില്‍ നിറഞ്ഞു നില്‍ക്കുന്ന സാന്ദ്രയുടെ ഒാര്‍മകള്‍ക്ക് നടുവിലിരുന്ന് ശരിയായ സമയത്ത് ചികില്‍സ തേടേണ്ടതിന്റെ പ്രാധാന്യമോര്‍പ്പിക്കുകയാണ് അമ്മ. ചുരുങ്ങിയ കാലം കൊണ്ട് ശരീരം മുഴുവന്‍ പടരാന്‍ ചിലതരം കാന്‍സറുകള്‍ക്ക് കഴിയും. ശരിയായ സമയത്ത് ശരിയായ ചികില്‍സ മാത്രമാണ് പ്രതിവിധിയെന്ന് സാന്ദ്രയുടെ അനുഭവം നമ്മെ ഒാര്‍പ്പിച്ചുകൊണ്ടേയിരിക്കുന്നു.

Enter AMP Embedded Script