മത്സ്യ-മാംസ സൂപ്പര്‍മാര്‍ക്കറ്റ് ശ‍ൃംഖലയുടെ പേരില്‍ 18 കോടിയിലേറെ തട്ടി; 'അൻവി' ഫ്രെഷ് ഉടമ ഒളിവിൽ

സംസ്ഥാനത്ത് സ്വകാര്യ മത്സ്യമാംസ സൂപ്പര്‍മാര്‍ക്കറ്റ് ശ‍ൃംഖലയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്. ഫ്രാഞ്ചൈസികള്‍ വാഗ്ദാനം ചെയ്ത് 150ലേറെ പേരില്‍ നിന്ന് തട്ടിയത് പതിനെട്ട് കോടിയിലേറെ രൂപ. തട്ടിപ്പിന് നേതൃത്വം നല്‍കിയ അന്‍വി ഫ്രെഷ് ഉടമ ബാലരാമപുരം സ്വദേശി വി.എസ്. വിപിന്‍ ഒളിവില്‍. 

പിടയ്ക്കണ മീനും, അലുവ പോലെയുള്ള ബീഫും വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഉടമയാകാന്‍ താത്പര്യമുണ്ടോ. മാസവരുമാനം ഒന്നേക്കാല്‍ ലക്ഷം ഉറപ്പ്. ദിവസേന ലാഭം അയ്യായിരം രൂപ. ഇടപാടുകാരെ പാട്ടിലാക്കാന്‍ അന്‍വി ഫ്രെഷ് ഉടമ വി.എസ്. വിപിന്‍ നല്‍കിയ വാഗ്ദാനങ്ങളിങ്ങനെ. സമൂഹമാധ്യമങ്ങളില്‍ പരസ്യംകണ്ട് വിളിച്ചവര്‍ പെട്ടത് ഊരാക്കുടുക്കില്‍. 

സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി എഴുപത് സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നു. ആദ്യ ദിനങ്ങളില്‍ കൃത്യമായി ലോഡ് എത്തിയെങ്കിലും പിന്നീട് അതുണ്ടായില്ല. മീനും ഇറച്ചിയും കടകളിലിരുന്ന് ചീഞ്ഞളിഞ്ഞു. ഒടുവില്‍ കടകള്‍ക്ക് ഷട്ടറിട്ടു. മാർച്ചിന് മുന്‍പുവരെ ഫ്രാഞ്ചൈസിക്ക്‌ 10 ലക്ഷം രൂപയും അതിനുശേഷം  15 ലക്ഷവുമാണ് വാങ്ങിയത്. കോടികളുമായി വിപിന്‍ മുങ്ങിയപ്പോള്‍ പണം നഷ്ടപ്പെട്ടവര്‍ പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുകയാണ്. 

18 Cr cheated for fish and meat supermarket chain;  man absconding