കബളിപ്പിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ച കേസ്; യുവാവ് ഹൈക്കോടതിയിലേക്ക്

കബളിപ്പിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ച സംഭവത്തിൽ യുവാവ് ഹൈക്കോടതിയിലേക്ക്. ചിത്രത്തിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കേസിൽ യുവാവിന്റെ മൊഴി  വിഴിഞ്ഞം പൊലീസ് ഇന്ന് രേഖപ്പെടുത്തും.

തന്നെ ചതിയിൽ പെടുത്തിയാണ് അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചതെന്ന് യുവാവ് മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ചിത്രത്തിന്റെ ട്രെയിലർ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ചിത്രം അഡൽട് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. ഇക്കാര്യം  സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ പ്രദർശനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ യുവാവ് തീരുമാനിച്ചത്. വിഷയത്തിൽ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും തുടർനടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ചിത്രം റിലീസ് ചെയ്തതിനുശേഷം മാത്രമാണ് തന്റെ മൊഴിയെടുക്കാൻ വിളിപ്പിച്ചതെന്നും യുവാവ് പറഞ്ഞു

ഒറ്റിറ്റി പ്ളാറ്റ്ഫോം  ഉടമകളെയും സംവിധായികയെയും പ്രതികളാക്കി തിരുവനന്തപുരം വിഴിഞ്ഞം പൊലീസാണ് കേസെടുത്തിട്ടുള്ളത്. നിലവിൽ വഞ്ചന കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും യുവാവിന്റെ വിശദമൊഴിയെടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നാണ് പൊലീസ് നിലപാട്.

Forcing young TV actor from TVM to act in adult movie