‘പിങ്കി പിങ്കു’ എന്നെഴുതിയ കടലാസ് തുമ്പ്; വീട്ടമ്മയുടെ ആത്മഹത്യക്ക് കാരണം ഇങ്ങനെ; അറസ്റ്റ്

വീട്ടമ്മയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം തേടിയിറങ്ങിയ പൊലീസ് കണ്ടെത്തിയത് നടുക്കുന്ന കാര്യങ്ങളാണ്. ഫെയ്സ്ബുക്കിലെ വ്യാജ അക്കൗണ്ട് വഴി പ്രതി നടത്തിയ ചാറ്റിങ്ങാണ് പിന്നാലെ ആത്മഹത്യയിലേക്ക് നയിച്ചത്. സംഭവത്തിൽ ചൊവ്വ കിഴുത്തള്ളി സ്വദേശി പി.എസ്.ജിതിനാണ്(29) അറസ്റ്റിലായത്. 2019ലാണു വീട്ടമ്മയെ കിടപ്പു മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. നല്ല സാമ്പത്തിക സ്ഥിതിയും കുടുംബാന്തരീക്ഷവുമുള്ള വീട്ടമ്മ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നു ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണു ഫെയ്സ്ബുക് ചാറ്റിനിടെയുള്ള ഭീഷണിയാണു മരണകാരണമെന്നു കണ്ടെത്തിയത്. 

സംഭവം ഇങ്ങനെ

മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്നതിനിടെ ഇവരുടെ മുറിയിൽ നിന്നു പിങ്കി പിങ്കു എന്ന് എഴുതിയതുണ്ട് കടലാസ് പൊലീസിനു കിട്ടിയിരുന്നു. ഈ കടലാസിൽ പേരിനു മുകളിൽ ഗുണനചിഹ്നവും രേഖപ്പെടുത്തിയിരുന്നു. പിന്നീട് കണ്ണൂർ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇതൊരു വ്യാജ ഫെയ്സ്ബുക് ഐഡിയാണെന്നു കണ്ടെത്തി. ഈ ഐഡി ഡിലീറ്റ് ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഒട്ടേറെ ഫെയ്ക് ഐഡികൾ ഇതേ ആൾ ഉപയോഗിക്കുന്നതായി വ്യക്തമായി. 

സ്ത്രീകളെന്ന വ്യാജേനെ വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ വീട്ടമ്മമാരെ കെണിയിൽപ്പെടുത്തുന്നത്. സൗഹൃദം പുരോഗമിച്ചതിനിടയിൽ വീട്ടമ്മ പിങ്കി പിങ്കു എന്ന് പ്രൊഫൈലിലേക്കു ചില വീഡിയോകൾ അയച്ചു കൊടുത്തിരുന്നു. വീഡിയോ ലഭിച്ചയുടൻ പിങ്കി എന്ന ഫെയ്സ്ബുക് ഡിലീറ്റ് ചെയ്ത ഇയാൾ പിന്നീട് ശരത് എന്ന പേരിൽ വീട്ടമ്മയുമായി ചാറ്റ് ചെയ്യാനെത്തി. വീട്ടമ്മയുടെ വീഡിയോകൾ കൈവശമുണ്ടെന്നും പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഇയാൾ ബ്ലാക്ക് മെയിൽ ചെയ്തതിനെ തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തതെന്നു പൊലീസ് പറ​ഞ്ഞു.