പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ സഞ്ചരിച്ചാൽ ‘മൂന്നാംകണ്ണ്’ പിടികൂടും

പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്താല്‍ ഇനി മോട്ടോര്‍ വാഹനവകുപ്പിന്റെ മൂന്നാംകണ്ണ് പിടികൂടും. വാഹന ഉടമയുടെ വിലാസത്തിലേക്കാണ് നിയമലംഘനത്തിന്റെ ചിത്രം സഹിതം പിഴയടക്കാനുള്ള നോട്ടീസെത്തുന്നത്. പൊതുജനങ്ങള്‍ക്കും നിയമലംഘനങ്ങളുടെ ചിത്രങ്ങളെടുത്ത് ആര്‍.ടി.ഒയുടെ നമ്പറിലേക്ക് അയച്ചുനല്‍കാം. 

യാത്രാവഴിയില്‍ നിയമപാലകരില്ലെന്ന് കരുതി രക്ഷപ്പെട്ടെന്ന് കരുതേണ്ട. യാത്രക്കാരനറിയാതെ പകര്‍ത്തപ്പെടുന്ന ചിത്രം തപാല്‍വഴി വാഹന ഉടമയുടെ വീട്ടിലെത്തും. ഒപ്പം 500 രൂപ പിഴയടക്കാനുള്ള നിര്‍ദേശവും. പോരാത്തതിന് മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന പരിശീലന ക്ലാസിലും പങ്കെടുക്കണം. ഇല്ലെങ്കില്‍ നിയമനടപടിയെന്ന മുന്നറിയിപ്പും ഉണ്ട്. 

പൊലീസും മോട്ടോര്‍വാഹനവകുപ്പും പിന്‍സീറ്റ് യാത്രക്കാരെ ഉപദേശിക്കുന്നത് നിർത്തി. ഇനി കര്‍ശനമായി പിഴ ഈടാക്കും. അങ്ങനെ ഹെല്‍മറ്റ് ഇരുചക്രവാഹനയാത്രയുടെ ശീലമാക്കും. ആര്‍ടിഒ ഓഫിസുകള്‍ കേന്ദ്രീകരിച്ചാണ് മൂന്നാംകണ്ണിന്റെ പ്രവര്‍ത്തനം.