ദേശീയ പവര്‍ ലിഫ്റ്റിങ് ചാംപ്യന് മർദനമേറ്റ സംഭവം; സസ്പെൻഷൻ പുനപരിശോധിക്കും

കൊച്ചി കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ മര്‍ദനമേറ്റ ദേശീയ പവര്‍ ലിഫ്റ്റിങ് ചാംപ്യനെ സസ്പെന്‍ഡ് ചെയ്ത തീരുമാനം പുനഃപരിശോധിച്ചേക്കും. അനക്സ് റോണ്‍ ഫിലിപ്പിനെ സസ്പെന്‍ഡ് ചെയ്തതിനെതിരെ ഒന്നാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ നടത്തിയ ഉപരോധ സമരത്തെത്തുടര്‍ന്നാണ് നടപടി. അവധിയിലായ പ്രിന്‍സിപ്പല്‍ എത്തിയിട്ട് തീരുമാനമെടുക്കാമെന്ന് വിദ്യാര്‍ഥികള്‍ക്ക് വൈസ് പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കി 

കോളജ് ആര്‍ട്സ് ദിനത്തില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുമായി നടന്ന അടിപിടിയില്‍ അനക്സ് റോണ്‍ ഫിലിപ്പിന്‍റെ തോളെല്ല് തെന്നിമാറിയിരുന്നു. റാഗിങ്ങിനെത്തുടര്‍ന്നുള്ള മര്‍ദനമെന്ന് അനക്സും അകാരണമായി തങ്ങളെ അനക്സ് മര്‍ദിച്ചുവെന്ന് മുതിര്‍ന്ന വിദ്യാര്‍ഥികളും പരാതിപ്പെട്ടു. തുടര്‍ന്ന്  വൈസ് പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ കമ്മിഷനെ പ്രിന്‍സിപ്പല്‍ നിയോഗിച്ചു. അടിപിടിയില്‍ ‍ഉള്‍പ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികളെയും സസ്പെന്‍ഡ് ചെയ്യണമെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് അനക്സിനെ ഒരുമാസത്തേക്കും ഹൗസ് സര്‍ജന്‍മാരായ മൂന്നുപേരെയും മൂന്നാം വര്‍ഷ വിദ്യാര്‍ഥിയെ രണ്ടുമാസത്തേക്കും സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ അനക്സിനെതിരെയുള്ളത് പ്രതികാര നടപടിയെന്നാരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. 

പ്രതിഷേധത്തെത്തുടര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് തയാറായ വൈസ് പ്രിന്‍സിപ്പല്‍ തീരുമാനം പുനഃപരിശോധിക്കാമെന്ന ഉറപ്പ് നല്‍കി. തിങ്കളാഴ്ചത്തെ തീരുമാനം അനുകൂലമല്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നാണ് വിദ്യാര്‍ഥികളുടെ മുന്നറിയിപ്പ്.