പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; നാട്ടുകാരുടെ അതിവേഗ ഇടപെടലിൽ മോചനം

തമിഴ്നാട്ടില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ നാട്ടുകാരുടെ അതിവേഗ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ട്രിച്ചിയിലാണ് സംഭവം. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

17 കാരിയായ പെണ്‍കുട്ടിയും പിതാവ് ഗണപതിയും റോഡിലൂടെ നടന്നുപോവുകയായിരുന്നു. ഈ സമയം ഇവര്‍ക്കരികില്‍ ഓമ്നി വാനിലെത്തിയ സംഘം വഴി ചോദിച്ചു. ഗണപതി വഴി പറഞ്ഞുകൊടുക്കുന്നതിനിടെ പെണ്‍കുട്ടിയെ വാനിലേക്ക് പിടിച്ചുകയറ്റിയ സംഘം വാനോടിച്ച് പോയി. 

ഈ സമയം വാനില്‍ പിടിച്ചുതൂങ്ങി നിലവിളിച്ച ഗണപതിയുടെ ശബ്ദം കേട്ടാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ സംഘടിച്ച് ഓടിക്കൂടുകയും ഫോണിലൂടെയും മറ്റും വിവിധയിടങ്ങളില്‍ ആളെ കൂട്ടുകയും ചെയ്തു. ഒടുവില്‍ കീറനൂര്‍ ഭാഗത്തുവച്ച് നാട്ടുകാര്‍ വാന്‍ തടഞ്ഞു. ഈ സമയം വാനിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ബാക്കി മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. സമീപകലത്തായി ഈ മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ തട്ടിക്കൊണ്ടുപോകല്‍ സംഭവമാണിത്. 

ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പൊലീസ് നിഷ്ക്രിയമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഒടുവില്‍ പൊലീസ് എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും ഉചിതമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കുകയും ചെയ്ത ശേഷമാണ് സമരം അവസാനിപ്പിച്ചത്.