എട്ടുവയസ്സുകാരിയുടെ മരണം: പ്രതിയെ പിടികൂടാനാകാത്തതില്‍ പ്രതിഷേധം

മൂന്നാർ ഗുണ്ടുമലയിൽ എട്ടുവയസ്സുകാരിയെ പീഡനത്തിനിരയാക്കി കൊല്ലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടാനാകാത്തതില്‍ പൊലീസിനെതിരെ പ്രതിഷേധമുയരുന്നു. പൊലീസ് സ്‌റ്റേഷനിലേയ്ക്ക് മാർച്ചുൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. പെൺകുട്ടി മരിച്ചു ഒരാഴ്ച്ച പിന്നിടുമ്പോഴും പൊലീസ് പ്രതിക്കായി ഇരുട്ടിൽ തപ്പുകയാണ്.

ഗുണ്ടുമലയിൽ  ബാലിക മരിച്ച  സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്നാണ്  കോണ്‍ഗ്രസിന്റെ ആരോപണം.  പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടണം. കൊല നടന്ന് പതിമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്ത സാഹചര്യത്തിലാണ്  പ്രതിഷേധം ശക്തമാക്കുന്നത്. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട്  കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷനിലേക്ക്  മാര്‍ച്ച് നടത്തും. എട്ടു വയസ്  മാത്രം പ്രായമുള്ള ഒരു കുട്ടിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിട്ട് നാളുകള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 

മൂന്നാര്‍ ഡി.വൈ.എസ്.പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള് പതിന്നാലംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവത്തില്‍ ദൃക്‌സാക്ഷികളില്ലാത്തത് പൊലീസ് അന്വേഷണത്തിന് തിരിച്ചടിയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളും അയല്‍വാസികളുമുള്‍പ്പെടെ നൂറോളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിരയായിരുന്നുവെന്നും തെളിഞ്ഞിരുന്നു. പീഡനം നടത്തിയതും കൊലപാതകം നടത്തിയതും ഒരാള്‍ തന്നെയാണോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.