വിരണ്ടോടിയ പോത്തിനെ നാട്ടുകാർ പിടിച്ചുകെട്ടി; രാവിലെ നോക്കിയപ്പോൾ കയർപോലുമില്ല

നാട്ടുകാർ പിടിച്ചു കെട്ടിയ വിരണ്ടോടിയ പോത്തിനെ രാവിലെ കാണാനില്ല. പോത്തിന്റെ ഉടമ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ. പോത്തിനെ ചിലർ കശാപ്പ് ചെയ്ത് ഇറച്ചി വീതം വച്ചു കഴിച്ചതായി പൊലീസ്. കഴിഞ്ഞ ദിവസം മുളക്കുളം പഞ്ചായത്തിലെ അവർമയിലാണു പിടിച്ചു കെട്ടിയിരുന്ന പോത്തിനെ കൊണ്ടുപോകാൻ ഉടമ എത്തിയപ്പോൾ കയർ പോലും ഇല്ലായിരുന്നു. അറുനൂറ്റിമംഗലത്ത് കശാപ്പിനായി കൊണ്ടു വരും വഴിയാണ് പോത്ത് വിരണ്ട് ഓടിയത്. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ നാട്ടുകാരിൽ ചിലർ വൈകിട്ട് അവർമയിൽ പോത്തിനെ പിടിച്ചു കെട്ടി.

ഇന്നലെ  രാവിലെ പോത്തിനെ അഴിക്കാൻ ഉടമ എത്തിയപ്പോഴാണ് പോത്തിനെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് പരാതിയുമായി വെള്ളൂർ പൊലീസ് സ്റ്റേഷനിലെത്തി.  പൊലീസിന്റെ അന്വേഷണത്തിൽ ചിലർ പോത്തിനെ രാത്രി തന്നെ അഴിച്ച് കൊണ്ടുപോയി കശാപ്പ് ചെയ്തെന്നും ഇറച്ചി വീതം വച്ചെന്നും മനസിലായി. ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.  പോത്തിന്റെ വില നൽകി കേസിൽ നിന്നും ഊരാൻ കശാപ്പ് നടത്തിയവർ ശ്രമം നടത്തുകയാണ്. എന്നാൽ കയർ കുടുങ്ങി ചത്ത പോത്തിനെയാണു കശാപ്പ് ചെയ്തതെന്നാണ് അഴിച്ചുകൊണ്ടുപോയവരുടെ വാദം.