എം.ടി.എം തകർത്ത് മോഷണശ്രമം, ആറ് പേർ അറസ്റ്റിൽ

ഇടുക്കി കാത്താറിൽ എം.ടി.എം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. രണ്ട് പ്രതികൾ പ്രായപൂർത്തിയാകത്തവരാണ്. തൊടുപുഴ ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കാഞ്ഞാറിലെ ഗ്രാമീൺ ബാങ്കിന്റെ എടിഎമ്മിൽ മോഷണശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കരിമണ്ണൂർ സ്വദേശി ഷിജിൻ, ഇടപ്പള്ളി സ്വദേശി അഭിജിത്ത്, അങ്കമാലി സ്വദേശികളായ ഏലിയാസ്, മനു പ്രായപൂർത്തിയാകത്ത രണ്ട് പേർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എ ടി എമ്മിന്റെ പുറംചട്ട  തകർത്തെങ്കിലും പണമെടുക്കാന്‍  സംഘത്തിന് സാധിച്ചില്ല. കമ്പിപ്പാരയും, ചുറ്റികയും ഉപയോഗിച്ചായിരുന്നു എ.ടി.എം തകർക്കാൻ ശ്രമിച്ചത്. എ.ടി.എമ്മിനുള്ളിലെ സി.സി.ടി.വിയും ഇവർ തകർത്തിരുന്നു. അതിനാൽ സമീപത്തെ സി.സി.ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്.

കേസിൽ ഉൾപ്പെട്ട രണ്ട് പേർ നിലവിൽ അങ്കമാലിയിലെ മൊബൈൽ മോഷണ കേസിൽ ജയിലിലാണ്‌. എ.ടി.എമ്മിന് പുറമെ രണ്ട് ബിവറേജ് ഔട്ട് ലെറ്റുകളിലും മോഷണത്തിന് പദ്ധതി ഇട്ടിരുന്നു. ഓണാവധി മുന്നിൽ കണ്ടുള്ള മോഷണ പരമ്പരയാണ്  സംഘം ലക്ഷ്യമിട്ടിരുന്നത്.  മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കാഞ്ഞാറിലെ വർക്ക്ഷോപ്പിൽ നിന്ന്  മോഷ്ടിച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കാഞ്ഞാർ, കാളിയാർ, തൊടുപുഴ പൊലീസിന്റെ സംയുക്ത അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.