ട്രെയിൻ യാത്രക്കിടെ ദമ്പതികളെ കൊള്ളയടിച്ചു; മോഷ്ടാക്കളെ പിടിക്കാനായില്ല

തൃശൂർ സ്വദേശികളായ ദമ്പതികളെ ട്രെയിനിൽ കൊള്ളയടിച്ചു. ഗുജറാത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. 

തൃശൂർ പെരിങ്ങണ്ടൂർ അമ്പലപുരം സ്വദേശികളായ മണികണ്ഠൻ, രമ്യ ദമ്പതികളാണ് ട്രെയിൻ യാത്രയ്ക്കിടെ കവർച്ചാ സംഘത്തിന്റെ ഇരയായത്. കൊങ്കൺ പാതയിൽ കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. ജാംനഗർ. തിരുനെൽവേലി എക്സ്പ്രസിലെ യാത്രക്കാരായിരുന്നു ഇവർ. ട്രെയിൻ സ്റ്റോപ്പിൽ അല്ലാതെ നിർത്തിയിട്ടിരുന്നു. ഇവിടെ നിന്ന് ട്രെയിൻ എടുത്ത സമയം രമ്യയുടെ അഞ്ചു പവന്റെ മാലയുമായി രണ്ടു പേർ ട്രെയിനിൽ നിന്ന് ചാടി. ചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നില്ല. ടി.ടി.ഇ യോട് പരാതി പറഞ്ഞിട്ടും സംഭവത്തെക്കുറിച്ച് പോലും വിശദമായി ചോദിച്ചില്ല .

റയിൽവെയുടെ ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചപ്പോഴാണ് പരാതി സ്വീകരിച്ചത്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ട്രെയിനിൽ പൊലീസിനെ ഡ്യൂട്ടിയ്ക്കിടാറുണ്ട്. ഈ ട്രെയിനിൽ പൊലീസുകാരുണ്ടായിട്ടും മോഷ്ടാക്കളെ പിടിക്കാനായില്ല .