മാപ്രാണത്ത് വീട്ടുടമയെ വെട്ടിക്കൊന്ന തിയറ്റര്‍ നടത്തിപ്പുകാരന്‍ കേരളം വിട്ടു

തൃശൂര്‍ മാപ്രാണത്ത് പാര്‍ക്കിങ്ങിന്‍റെ പേരില്‍ വീട്ടുടമയെ വെട്ടിക്കൊന്ന സിനിമ തിയറ്റര്‍ നടത്തിപ്പുകാരന്‍ സഞ്ജയ് രവി കേരളം വിട്ടു. സഞ്ജയ് രാജ്യം വിടാതിരിക്കാന്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 

മാപ്രാണം വര്‍ണ സിനിമ തിയറ്ററിന്‍റെ നടത്തിപ്പുകാരന്‍ സഞ്ജയ് രവി ഒളിവിലാണ്. തിയറ്ററിന്‍റെ തൊട്ടടുത്ത വീടിന്‍റെ ഉടമ വാലത്ത് രാജനെ കൊന്ന കേസിലെ മുഖ്യപ്രതിയാണ് സഞ്ജയ്. തിയറ്ററിലേക്കുള്ള വാഹനങ്ങള്‍ രാജന്‍റെ വീടിനു മുമ്പില്‍ നിര്‍ത്തിയിടുന്നതിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ്, സഞ്ജയും തിയറ്റര്‍ ജീവനക്കാരായ മൂന്നു പേരും ചേര്‍ന്ന് രാജന്‍റെ വീട് ആക്രമിച്ചത്. രാജനേയും മരുമകന്‍ വിനുവിനേയും വെട്ടിപരുക്കേല്‍പിച്ചു. സംഭവത്തിനു ശേഷം വാളയാര്‍ വഴിയാണ് സഞ്ജയ് രക്ഷപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. 

തിയറ്ററിലെ ജീവനക്കാരായ അനീഷും മണികണ്ഠനും ഗോകുലുമാണ് അക്രമി സംഘത്തിലുണ്ടിയിരുന്ന മറ്റുള്ളവര്‍. മണികണ്ഠനെ സംഭവദിവസം തന്നെ പിടികൂടിയിരുന്നു. അനീഷും ഗോകുലും ഒളിവില്‍ തന്നെയാണ്. അനീഷ് കൊലക്കേസ് പ്രതിയാണ്. ഗോകുലാകട്ടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയും. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍ സംഭവസ്ഥലത്ത് ഉപേക്ഷിച്ച ശേഷമാണ് പ്രതികള്‍ മടങ്ങിയത്. ഈ വടിവാള്‍ കണ്ടെടുത്തു. വര്‍ണ സിനിമ തിയറ്റര്‍ ഏറ്റെടുത്തു നടത്തി വരികയായിരുന്നു സഞ്ജയ്. 

അയല്‍വാസികളുമായി പാര്‍ക്കിങ്ങിന്‍റെ പേരില്‍ നിരന്തര പ്രശ്നമായിരുന്നു. നേരത്തെ, ദുബായിലും കൊച്ചിയിലും മുന്തിയ ഇനം കാറുകളുടെ ഡീലര്‍ഷിപ്പില്‍ മാനേജരായിരുന്നു സഞ്ജയ്. എം.ബി.എ ബിരുദധാരിയാണ്. പ്രതികള്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് സംശയമുണ്ട്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് തിയറ്റര്‍ അടച്ചിട്ടിരിക്കുകയാണ്.