ഡിവൈഎഫ്ഐ കമ്മിറ്റിയുടെ ആംബുലന്‍സില്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; 2 നേതാക്കള്‍ പിടിയില്‍

വിവാഹ വാഗ്ദാനം നൽകി പ്രലോഭിച്ച ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു ഡിവൈഎഫ്ഐ നേതാക്കൾ പിടിയിൽ. മുട്ടത്തറ പനമൂട് ക്ഷേത്രത്തിനു സമീപം രാജീവ് ഗാന്ധി ലെയ്ൻ ആർജിഎൽആർഎ 114 ടിസി .42–1099 സജീന മൻസിലിൽ ഷാഹുൽ ഹമീദ് (29),മുട്ടത്തറ പൊന്നറ സെവൻന്ത് ഡേ സ്കൂളിനു സമീപം ടിസി 42–1021 പുതുവൽ പുത്തൻ വീട്ടിൽ നന്ദുലാൽ (24) എന്നിവരാണു പിടിയിലായത്. ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റിയുടെ  ആംബുലൻസിലാണ് 19കാരിയെ തട്ടിക്കൊണ്ടുപോയത്.

മകളെ  തട്ടിക്കൊണ്ടു പോയെന്നു കാട്ടി  പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണു അറസ്റ്റ്. 17നു ഉച്ചയ്ക്കു 2നു വീട്ടിനു മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ നന്ദുലാലിന്റെ സഹായത്തോടെ ഷാഹുൽ ഹമീദ് വാഹനത്തിൽ പിടിച്ചു കയറ്റി കൊണ്ടു പോകുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഹുൽ നിരന്തരം മകളെ ശല്യം ചെയ്തിരുന്നതായി പെൺകുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.

വിവാഹ വാഗ്ദാനം നൽകി പ്രലോഭിച്ച ശേഷം കടത്തിക്കൊണ്ടു പോയെന്നാണു കേസ്.ഫോർട്ട് പൊലീസ് പറയുന്നത്: ഷാഹുലിന്റെ വിവാഹ അഭ്യർഥന പെൺകുട്ടി നിരസിച്ചതാണു തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയത്.  എന്നാൽ ഷാഹുലിന്റെ  വീട്ടുകാർ എതിർത്തതോടെ ആംബുലൻസ് യാത്ര വെമ്പായത്തു വച്ച് അവസാനിപ്പിച്ചു. പ്രശ്നം വഷളായത് അറിഞ്ഞ ഷാഹുൽ പെൺകുട്ടിയുമായി  ബസിൽ തിരികെ മടങ്ങി. തമ്പാനൂരിൽ നിന്നു പെൺകുട്ടിയെ ബസിൽ കയറ്റി വീട്ടിലേക്ക് പറഞ്ഞയച്ചു.

ഇതിനിടെ കാണാതായ പെൺകുട്ടിയെ തിരക്കി ഫോർട്ട് പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. ആദ്യം പെൺകുട്ടിയെ കണ്ടെത്തി. പിന്നാലെ ഷാഹുലിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഡിവൈഎഫ്ഐ പെരുന്താന്നി ലോക്കൽകമ്മിറ്റിയുടെ ആംബുലൻസിലാണു പെൺകുട്ടിയെ കടത്തിയത്. നേരത്തെ ഷാഹുലായിരുന്നു ഇതിന്റെ ഡ്രൈവർ.